അശ്ലീല ഊമക്കത്ത്; സ്ത്രീയടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്സര, മുൻ എം.എൽ.എ കെ.കെ. ഷാജു, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷ് തുടങ്ങി നിരവധിപേർക്ക് അശ്ലീല ഊമക്കത്ത് അയച്ച സ്ത്രീയടക്കമുള്ള മൂന്നംഗ സംഘത്തെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് നെടുകുളഞ്ഞിമുറിയിൽ ശ്യാംനിവാസിൽ ശ്യാം (36), നൂറനാട് നെടുകുളഞ്ഞിമുറിയിൽ തിരുവോണം വീട്ടിൽ ജലജ (44), ചെറിയനാട് മാമ്പ്ര മുറിയിൽ കാർത്തിക നിവാസിൽ രാജേന്ദ്രൻ (57) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ആറുമാസം മുമ്പ് കേസിലെ ഒന്നാം പ്രതിയായ ശ്യാം നൂറനാട് സി.ഐ പി.ശ്രീജിത്തിനെ കണ്ട് തനിക്കൊരു പ്രശ്നം ഉണ്ടെന്ന് അറിയിച്ചു. അയൽവാസിയായ മനോജിന്റെ കിണറ്റിൽ ആരോ പട്ടിയെ കൊണ്ടിട്ടെന്നും അത് താൻ ആണെന്ന തരത്തിൽ നാട്ടിൽ പ്രചാരണമുണ്ടെന്നും മനോജിന് അശ്ലീലച്ചുവയുള്ള കത്തുകൾ എഴുതുന്ന സ്വഭാവം ഉണ്ടെന്നും തന്നോടുള്ള വൈരാഗ്യം തീർക്കാൻ തന്റെ പേരിൽ കത്തുകളയക്കാൻ സാധ്യതയുണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് ശ്യാം മടങ്ങിയത്. ഒരാഴ്ചക്കുശേഷം നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷിന് ഒരു കത്ത് ലഭിച്ചു. കവറിന് പുറത്ത് ശ്യാം, ശ്യാംനിവാസ് പടനിലം എന്നാണ് ഉണ്ടായിരുന്നത്. തന്റെ പേരിൽ കത്ത് എഴുതുന്നത് മനോജ് ആണെന്ന് പൊലീസിനോടും നാട്ടുകാരോടും ശ്യാം പറഞ്ഞിരുന്നു. തുടർന്ന്, നൂറനാട് പൊലീസിൽ പരാതി നൽകി. പൊലീസ് മനോജിനെ ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിക്കുകയും ചെയ്തെങ്കിലും മനോജോ വീട്ടുകാരോ കത്ത് എഴുതിയതായ തെളിവ് ലഭിച്ചില്ല. തൊട്ടടുത്ത ആഴ്ച രാജു അപ്സരക്കും അശ്ലീല ഊമക്കത്ത് ലഭിച്ചു.
പിന്നീട് മുൻ എം.എൽ.എ കെ.കെ. ഷാജുവിനും പടനിലം എച്ച്.എസ്.എസ് മാനേജർ മനോഹരനും സമാന കത്ത് ലഭിച്ചു. തുടർന്ന് കത്ത് കിട്ടിയ ശ്യാമിന്റെ അയൽവാസി പാലമേൽ ശ്രീനിലയത്തിൽ ശ്രീകുമാർ നൽകിയ പരാതിയിൽ നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി. പലരുടെയും കൈയക്ഷരം പരിശോധിച്ചെങ്കിലും അശ്ലീല കത്തിലെ കൈയക്ഷരവുമായി സാമ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, പ്രദേശത്തുള്ള മിക്ക സ്ത്രീകൾക്കും പുരുഷന്മാർക്കും ശ്യാമിന്റെ പേരിൽ നിരന്തരം അശ്ലീലവും വധഭീഷണിയുമുള്ള കത്തുകൾ വന്നുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ശ്യാമിന്റെ ബന്ധുവായ ലത എന്ന സ്ത്രീക്ക് വന്ന കത്ത് പൊലീസിന് കൈമാറിയിരുന്നു. ഇത് പോസ്റ്റ് ചെയ്തിരുന്ന വെൺമണി പോസ്റ്റ് ഓഫിസിന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മധ്യവയസ്കനായ വ്യക്തി സംശയകരമായ രീതിയിൽ കത്ത് ഇടുന്നതായി കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിൽ രാജേന്ദ്രനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പടനിലത്തുള്ള ജലജ പറഞ്ഞിട്ടാണ് കത്തുകൾ അയച്ചതെന്ന് ഇയാൾ പറഞ്ഞു. ജലജയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കത്തിന് പിന്നിൽ ശ്യാമാണെന്ന് സമ്മതിച്ചു. ജലജയുടെയും ശ്യാമിന്റെയും വീടുകളിൽനിന്ന് അയച്ച കത്തുകളുടെ ഫോട്ടോസ്റ്റാറ്റുകളും കവറുകളും പൊലീസ് കണ്ടെത്തി. തുടർന്നാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മാസങ്ങളായി പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തി കൊണ്ടിരുന്ന അജ്ഞാത അശ്ലീലക്കത്ത് പ്രചാരണത്തിനാണ് ഇവരുടെ അറസ്റ്റോടെ പരിഹാരമായതെന്ന് പൊലീസ് പറഞ്ഞു. അയൽക്കാരനും ബന്ധുവുമായ മനോജ്, ശ്രീകുമാർ എന്നിവരോട് ശ്യാമിനുള്ള കടുത്ത വൈരാഗ്യമാണ് ഇതിന് പ്രേരിപ്പിച്ചത്. എസ്.ഐ നിതീഷ്, എസ്.ഐ സുഭാഷ് ബാബു, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ ജയേഷ്, സിനു, വിഷ്ണു, പ്രവീൺ, രജനി, ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.