വള്ളികുന്നത്ത് എ.ടി.എം കവർച്ച ശ്രമം
text_fieldsചാരുംമൂട്: വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജങ്ഷനിലെ എസ്.ബി.ഐ ശാഖയോട് ചേർന്ന എ.ടി.എമ്മിൽ കവർച്ച ശ്രമം നടന്നു. മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറിലാണ് മോഷ്ടാവ് എത്തിയത്. എ.ടി.എമ്മിന് അകത്ത് കയറിയ മോഷ്ടാവ് പുറത്തേക്ക് നോക്കുന്നതും മെഷീന്റെ പുറമെയുള്ള ലോഹഭാഗം തകർക്കാൻ ശ്രമിക്കുന്ന ദൃശ്യവും സി.സി ടി.വിയിൽനിന്നും പൊലീസിന് ലഭിച്ചു.
എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. മോഷണശ്രമം നടക്കുമ്പോൾ എസ്.ബി.ഐയുടെ കൺട്രോൾ റൂമിൽ സിഗ്നൽ ലഭിച്ചതോടെ വിവരം പൊലീസിലും അറിയിക്കുകയായിരുന്നു. വള്ളികുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ മോഷ്ടാവിന് കഴിഞ്ഞിരുന്നില്ല. വള്ളികുന്നം സ്റ്റേഷൻ ചാർജുള്ള കുറത്തികാട് സി.ഐ മോഹിത്തിന്റെ നേതൃത്വത്തിൽ മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ചു. സമീപങ്ങളിലെ വീടുകളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ സംബന്ധിച്ച സൂചനകൾ ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.