ചുനക്കരയിൽ കനാൽ ഇടിഞ്ഞു; വീടുകളിലും പാടശേഖരത്തും വെള്ളം കയറി
text_fieldsചാരുംമൂട്: ചുനക്കരയിൽ കനാൽ ഇടിഞ്ഞ് വെള്ളം ഒഴുകി. സമീപത്തെ രണ്ടു വീട്ടിലും കോട്ടപ്പാട്ട് പാടശേഖരത്തും വെള്ളം കയറി. കല്ലട ജലസേചന പദ്ധതിയുടെ ചാരുംമൂട് നിന്ന് കുറത്തികാട് ഡിസ്ട്രിബ്യൂട്ടറിലേക്കുള്ള സബ് കനാലിൽ കുറത്തികാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ഭാഗത്താണ് ഇടിഞ്ഞത്. 50 മീറ്ററോളം വിസ്തൃതിയിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
പുലർച്ച കനാൽ വെള്ളം വീട്ടുമുറ്റത്ത് കൂടി ഒഴുകുന്നതുകണ്ട് നോക്കുമ്പോഴാണ് കനാൽ ഇടിഞ്ഞത് വീട്ടുകാർ അറിയുന്നത്. കനാലിന്റെ ഒരു വശത്ത് മുമ്പ് മണ്ണെടുത്തിരുന്ന കുഴികളിലും താഴ്ചയിലുള്ള പുരയിടങ്ങളിലും പാടശേഖരത്തും വെള്ളം നിറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാരെത്തി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കെ.ഐ.പി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ചാരുംമൂട് ഭാഗത്ത് കനാൽ അടച്ചെങ്കിലും രാവിലെ 11ഓടെയാണ് വെളളമൊഴുക്ക് അവസാനിച്ചത്. എം.എസ്. അരുൺകുമാർ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, പഞ്ചായത്ത് അംഗം മനോജ് കമ്പനിവിള തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. പ്രദേശത്തെ ജലക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമായിരുന്ന കനാൽ എത്രയും വേഗം പൂർവസ്ഥിതിയിലെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.