ചാരുംമൂട് സംഘർഷം: 150 പേർക്കെതിരെ കേസ്
text_fieldsചാരുംമൂട്: കോൺഗ്രസ്-സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷത്തിനും ഏറ്റുമുട്ടലിനും പിന്നാലെ കോൺഗ്രസ് ഓഫിസ് ആക്രമിച്ച സംഭവത്തിലും 150ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ ഓഫിസ് സന്ദർശിച്ചുമടങ്ങിയ ശേഷം കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനവും സംഘർഷത്തിൽ കലാശിച്ചു. പൊലീസുമായിട്ടായിരുന്നു സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തി.
പ്രകടനത്തിൽ പങ്കെടുത്ത ചില പ്രവർത്തകർ സി.പി.ഐ ഓഫിസിന് മുന്നിലുള്ള വഴിയെ പോകാൻ ശ്രമിച്ചത് ജീപ്പ് ഇട്ട് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പൊലീസും പ്രകടനക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. പത്തോളം പ്രവർത്തകർക്കും ക്യാമ്പിൽനിന്നെത്തിയ രണ്ട് പൊലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആക്രമിക്കാൻ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു.
ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളിൽ 150ഓളം പേർക്കെതിരെയാണ് കേസ്. പൊലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിൽ ഇരുഭാഗത്തെയും പ്രവർത്തകർ പ്രതികളാണ്.
ഓഫിസ് ആക്രമിച്ചതിൽ സി.പി.ഐ പ്രവർത്തകരെ പ്രതികളാക്കിയും കേസുണ്ട്. ഏറ്റുമുട്ടലിനും ഇരുപാർട്ടിയിലെയും പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ഡിവൈ.എസ്.പി ഡോ. ആർ. ജോസ് പറഞ്ഞു. കോൺഗ്രസ് ഓഫിസിനു തൊട്ടടുത്ത് സി.പി.ഐ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലിയ തർക്കമാണ് അക്രമസംഭവത്തിന് കാരണം.
സംഭവത്തിന് പിന്നാലെ ചാരുംമൂട്ടിൽ പൊതുഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടിമരങ്ങൾ നീക്കി. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ കോൺഗ്രസ് ഓഫിസിനു സമീപത്ത് നശിപ്പിക്കപ്പെട്ട കോൺഗ്രസിന്‍റെയും സി.പി.ഐയുടെയും കൊടിമരങ്ങളും പൊലീസ് നീക്കിയിരുന്നു. ഹൈകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.