കോൺഗ്രസ് -സി.പി.ഐ സംഘർഷം: നാലുപേർ അറസ്റ്റിൽ
text_fieldsചാരുംമൂട്: കോൺഗ്രസ് -സി.പി.ഐ സംഘർഷത്തിലും അക്രമ സംഭവങ്ങളിലും ഇരുവിഭാഗത്തെയുമായി നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അടക്കം നിരവധി പേർക്കെതിരെ കേസെടുത്തു. രണ്ടു ദിവസമായി പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷത്തിന് ഇപ്പോൾ അയവുണ്ട്. കോൺഗ്രസ് -സി.പി.ഐ ഓഫിസുകൾക്ക് മുന്നിലെ പൊലീസ് പിക്കറ്റ് പിൻവലിച്ചിട്ടില്ല. കോൺഗ്രസ് പ്രവർത്തകരായ ഷെമീം, ഷാ, സി.പി.ഐ പ്രവർത്തകരായ റഫീക്, ശ്രീനാഥ് എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസിന്റെയും നൂറനാട് സി.ഐ ടി.മനോജിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
പൊലീസിനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനുൾപ്പെടെ കണ്ടാൽ അറിയാവുന്നവരടക്കം 300 ഓളം പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇവരിൽ സി.പി.ഐ നേതാവും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ സോളമനും ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിലെ ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.
കോൺഗ്രസ് ഓഫിസിലുൾപ്പെടെ അക്രമം നടത്താൻ സി.പി.ഐക്കാർക്ക് സഹായകമായ നിലപാടാണ് സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്.പിയും സി.ഐയും സ്വീകരിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. വെള്ളിയാഴ്ച വൈകീട്ട് കോൺഗ്രസ് ഓഫിസ് സന്ദർശിച്ച അദ്ദേഹം ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.