കോടതി നൽകിയ സമയം തീരാൻ ദിവസങ്ങൾ മാത്രം; എങ്ങുമെത്താതെ റോഡ് പണി
text_fieldsചാരുംമൂട്: റോഡ് പൂർത്തിയാക്കാൻ കോടതി നിർദേശിച്ച സമയം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും നിർമാണത്തിനുള്ള നടപടികൾ സ്വീകരിക്കാതെ കരാറുകാരനും ഉദ്യോഗസ്ഥരും. താമരക്കുളം ഗ്രാമപഞ്ചായത്തിൽ വേടരപ്ലാവ് സ്കൂൾ ജങ്ഷൻ-പണയിൽ മർത്തോമ പള്ളി റോഡാണ് നിർമാണ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാതെ ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുന്നത്.
റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്ത് രണ്ട് മാസം മുമ്പ് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് മേയ് 31ന് മുമ്പ് റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് കരാറുകാരനായ റെജു കെ. പോളിനും നടത്തിപ്പിന്റെ ചുമതലയുള്ള കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി ഉദ്യോഗസ്ഥർക്കും ഹൈക്കോടതി നിർദേശം നൽകിയത്. കോടതി നൽകിയ സമയ പരിതി പൂർത്തിയാകാൻ അഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുകയോ സാധന സാമഗ്രികൾ എത്തിക്കുകയോ ചെയ്തിട്ടില്ല.
പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലു കിലോമീറ്ററിലധികം വരുന്ന റോഡിന് 2,69,62912 രൂപയാണ് അടങ്കൽ തുക. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി അനുവദിച്ച റോഡിന്റെ നിർമാണം കഴിഞ്ഞ ഡിസംബർ 31 നുള്ളിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. കലുങ്കുകൾ പണിത ശേഷം റോഡിൽ മെറ്റൽ നിരത്തി ഗ്രാവലിട്ട് ഉറപ്പിക്കുന്ന ജോലി വരെയാണ് നടന്നിട്ടുള്ളത്.
എന്നാൽ നിർമാണത്തിലെ അപാകതയും യഥാസമയം ടാറിങ് നടക്കാത്തതും മൂലം മെറ്റൽ മുഴുവൻ ഇളകി കുഴികൾ രൂപപ്പെട്ട് കാൽനട യാത്ര പോലും ദുസ്സഹമായ സ്ഥിതിയാണ്. ചത്തിയറ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ താമരക്കുളത്തുനിന്ന് വള്ളികുന്നം, ചൂനാട്, ഓച്ചിറ, പാവുമ്പ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റോഡ് കൂടിയാണ് തകർന്നുകിടക്കുന്നത്. പാലം വഴി പോകേണ്ടവർക്കും ദുരിതയാത്രയാണ്. റോഡ് നിർമാണം മുടങ്ങിയതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് വിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. കോടതിയുടെ ഇടപെടലിലും പ്രശ്ന പരിഹാരമാവാതെ വന്നാൽ ജനങ്ങളുടെ ദുരിതയാത്ര ഇനിയും നീണ്ടുപോകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.