ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല വോട്ടാവേശം
text_fieldsചാരുംമൂട്: പഴയ അലുമിനിയം കലത്തിന്റെ അടിയിൽ നിക്ഷേപിച്ച ചെമ്പ് നാണയം ടർ.. എന്ന ശബ്ദത്തോടെ താളാത്മകമായി ചിലച്ചുതുടങ്ങി. വെള്ളം തിളച്ചെന്ന മുന്നറിയിപ്പാണത്. പക്ഷേ, ചാരുംമൂട് ജങ്ഷനിൽ പതിറ്റാണ്ടായി ചായക്കട നടത്തുന്ന കുട്ടിയമ്മയുടെ മകൻ ബിജു അതത്ര ഗൗനിക്കുന്നില്ല, പുള്ളി കസറിക്കയറുകയാണ്. കഴിഞ്ഞവാരം വരെ സ്വർണവും സ്വപ്നയും ബിനീഷും കിറ്റും പ്രകൃതി വാതക ലൈനും നിറഞ്ഞ കടവരാന്തയിൽ ഇന്നതല്ല സ്ഥിതി. ഇ.ഡിയും ഇലക്ടറൽ ബോണ്ടും പൗരത്വ ഭേദഗതി ബില്ലും കെജ്രിവാളിന്റെ അറസ്റ്റും സംവേദന വിഷയമാക്കുകയാണ് ചായയുടെ ചൂട് നുണഞ്ഞവർ. മാവേലിക്കര മണ്ഡലത്തിൽപെടുന്ന ചാരുംമൂട്ടിൽ നിലവിലെ എം.പി കൊടിക്കുന്നിൽ സുരേഷും പുതുമുഖമായ എൽ.ഡി.എഫിലെ വി.എ. അരുൺകുമാറും എൻ.ഡി.എയിലെ ബൈജു കലാശാലയും ഏറ്റുമുട്ടുമ്പോൾ അതിന്റെ ആവേശത്തിനൊപ്പം ഇവിടുത്തെ ഓരോരുത്തരും ചേരിചേരുന്നു.
ഗുഡ് ടു ദ ലാസ്റ്റ് പഫ് എന്ന പരസ്യവാചകം പോലെ തന്റെ ബീഡിക്കുറ്റിയിൽ അവശേഷിച്ച പുക ശകലം ആഞ്ഞ് വലിച്ച് എഴുപത്തഞ്ചുകാരനായ മൈതീൻകുഞ്ഞാണ് അദ്യപൊളിറ്റിക്കൽ കതിനക്ക് തിരികൊളുത്തിയത്. ‘കേരളത്തിലെ ജനക്ഷേമകരമായ കാര്യങ്ങൾവെച്ചു നോക്കുമ്പോൾ ഇടതിനാ നേട്ടമെന്ന് എന്റെ അഭിപ്രായം. മാവേലിക്കരയുൾപ്പെടെ 10 സീറ്റെങ്കിലും എൽ.ഡി.എഫ് നേടും’. അതങ്ങ് പള്ളീൽ പോയി പറഞ്ഞാമതി... ഇത്രേം അഴിമതി കാണിച്ച ഒരു സർക്കാർ...ഫൂ .. കറവക്കാരൻ ഗോപാലൻ ഇടഞ്ഞ കൊമ്പൻ പാപ്പാനോടെന്ന പോലെ മൈതീന് നേർക്ക് തിരിഞ്ഞു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടി, മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല. പെട്രോൾ, ഗ്യാസ്, ഡീസൽ എന്നിവക്ക് വിലകൂടി ഇതൊക്കെ സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ ഭരണംമൂലം ഉണ്ടായതാണെന്ന് ഗോപാലൻ.പാവപ്പെട്ടവന് വീട് നിർമിക്കാൻ കൊടുക്കുന്ന നാല് ലക്ഷം രൂപ കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. മാവേലിക്കരയിൽ നിലവിലെ പാർലമെന്റ് അംഗം കുറെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതൊഴിച്ചാൽ ഒരു വികസന പദ്ധതിയും കൊണ്ടുവന്നിട്ടില്ലെന്നും ഗോപാലൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.