ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിനുനേരെ ആക്രമണം; സ്കൂട്ടർ കത്തിച്ചു
text_fieldsചാരുംമൂട് (ആലപ്പുഴ): ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറി കാവുംപാട് കണ്ണങ്കര വീട്ടിൽ അനന്തുവിന്റെ വീടിനുനേരെ ആക്രമണം. വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ചു. കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചയാണ് സംഭവം.
ബുധനാഴ്ച രാത്രി എട്ടിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറി വി.കെ. സനോജ് ഓൺലൈനായിട്ടായിരുന്നു കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പാലമേൽ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഭവന സന്ദർശനം, പ്രതിഷേധ ജ്വാല, പ്രതിജ്ഞ, കൗൺസലിങ് തുടങ്ങിയവയാണ് കാമ്പയിന്റെ ഭാഗമായി തീരുമാനിച്ചത്.
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടപ്പോഴായിരുന്നു അനന്തുവിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്. സ്കൂട്ടർ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ജനൽച്ചില്ലുകൾ പൊട്ടുകയും വീടിന്റെ മുകൾഭാഗത്ത് തീപടരുകയും ചെയ്തിട്ടുണ്ട്. നൂറനാട് പൊലീസും ആലപ്പുഴയിൽനിന്ന് ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് നൂറനാട് സി.ഐ വി.ആർ. ജഗദീഷ് പറഞ്ഞു.
എം.എസ്. അരുൺകുമാർ എം.എൽ.എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു, ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് പ്രസിഡന്റ് ആർ. ബിനു, സെക്രട്ടറി എസ്. മുകുന്ദൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
അക്രമത്തിനു പിന്നിൽ കഞ്ചാവ്-മയക്കുമരുന്ന് മാഫിയ ആണെന്ന് നേതാക്കൾ ആരോപിച്ചു. നൂറനാട് ജങ്ഷനിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ചത് ചോദ്യം ചെയ്ത രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കഴിഞ്ഞാഴ്ച മർദിച്ച സംഭവം നടന്നിരുന്നതായും നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.