വിസ്മയകാഴ്ചയൊരുക്കി ഇരപ്പൻപാറ വെള്ളച്ചാട്ടം
text_fieldsചാരുംമൂട്: താമരക്കുളത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയായ ഇരപ്പൻപാറ വെള്ളച്ചാട്ടത്തെ മാവേലിക്കര ടൂറിസം സർക്യൂട്ടിൽ ഉൾപെടുത്തണമെന്ന് ആവശ്യം.
താമരക്കുളം- ഓച്ചിറ റോഡരികിൽ താമരക്കുളം ജങ്ഷന് സമീപത്തായാണ് വെള്ളച്ചാട്ടം. താമരക്കുളത്തെ ടൂറിസം പദ്ധതി പ്രദേശമായ വയ്യാങ്കരച്ചിറയിൽനിന്നുൾപ്പെടെ വിവിധ തോടുകളിലൂടെ ചത്തിയറ പുഞ്ചയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കൂറ്റൻ പാറകളിൽ പതിച്ച് പതഞ്ഞ് ഒഴുകിയകലുന്നത് മനോഹരമായ കാഴ്ചയാണ്.
ദൂരെ സ്ഥലങ്ങളിൽനിന്നുള്ളവർപോലും ഈ കാഴ്ച കാണാൻ എത്താറുണ്ട്. സീരിയലുകൾ, ഡോക്യുമെൻററികൾ എന്നിവയുടെ ചിത്രീകരണത്തിനും ഫോട്ടോഷൂട്ടുകൾക്കും സംഘങ്ങൾ എത്തുന്നുണ്ട്. പാറകളിൽ വെള്ളം പതിക്കുമ്പോഴുള്ള ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറയെന്ന് അറിയപ്പെടുന്നത്.
നിലവിൽ മഴക്കാലത്ത് മാത്രമാണ് വെള്ളച്ചാട്ടം ആസ്വദിക്കാൻ കഴിയുക. എന്നാൽ, ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളം സംഭരിച്ചു നിർത്തുകയും മുകളിലേക്ക് പമ്പ് ചെയ്ത് വീണ്ടും താഴേക്ക് ഒഴുക്കാൻ സംവിധാനമുണ്ടാക്കുകയും ചെയ്താൽ എല്ലാസമയത്തും ഇത് നിലനിർത്താൻ കഴിയും. കൈവരികളും മിനി പാർക്കും അലങ്കാര വിളക്കുകളും സൗന്ദര്യവത്കരണവും ഉൾപ്പെടുത്തി ഒന്നാംഘട്ട പദ്ധതികൾ രൂപപ്പെടുത്തിയാൽ കൂടുതൽ പേരെ ആകർഷിക്കാനാവുമെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.