ചാരുംമൂട് മേഖലയിൽ മഞ്ഞപ്പിത്തം വ്യാപകം
text_fieldsചാരുംമൂട്: ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ വിദ്യാർഥികളിലടക്കം നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നൂറനാട് പഞ്ചായത്തിൽ രണ്ടാഴ്ചക്കുള്ളിൽ പത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അറുപതോളം പേർ നിരീക്ഷണത്തിലാണ്.
സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലെ 16 വിദ്യാർഥികളിൽ മഞ്ഞപ്പിത്ത ലക്ഷണം കണ്ടെത്തിയിരുന്നു. പാണ്ടനാട്, കുറത്തികാട്, ചുനക്കര ബ്ലോക്കുകളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെ പ്രദേശത്ത് രോഗനിരീക്ഷണ നിയന്ത്രണ പ്രതിരോധ പ്രവർത്തനം തുടർന്നു വരുന്നു. നൂറനാട് പഞ്ചായത്തിലെ രണ്ടു വാർഡിലായാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. പാലമേൽ ചുനക്കര പഞ്ചായത്തുകളിലും മഞ്ഞപ്പിത്ത ലക്ഷണമുള്ള ഇരുപതോളം പേർ നിരീക്ഷണത്തിലാണ്. ജില്ലക്ക് പുറത്തുനിന്നെത്തിയവരിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത് എന്നാണ് വിവരം.
രോഗബാധിതർ താമസിക്കുന്ന പ്രദേശങ്ങളിലുള്ള പൊതുടാപ്പുകളിലെ വെള്ളത്തിലും ചില കിണറുകളിലെ വെള്ളത്തിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പാറ്റൂർ ശുദ്ധജല പദ്ധതിയിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ സാംപിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളിൽ അടിയന്തര ആരോഗ്യ പ്രവർത്തനം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി മന്ത്രിവീണ ജോർജിന് കത്ത് നൽകി. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ അടക്കമുള്ളവ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. വീട് കയറിയുള്ള സർവേ, പരിശോധന, ക്ലോറിനേഷൻ, കൃത്യമായ ജല ശുദ്ധീകരണ നടപടി എന്നിവ ഉറപ്പാക്കണമെന്ന് എം.പി വ്യക്തമാക്കി.
ഇതിനായി, ആരോഗ്യവകുപ്പ്, ജില്ല ഭരണകൂടം എന്നിവരുടെ ഏകോപിത ഇട പെടൽ ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ സ്ഥിതിഗതി നിയന്ത്രണ വിധേയമാണന്നും പ്രതിരോധ പ്രവർത്തനം ശക്തമാക്കിയതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.