അറ്റകുറ്റപ്പണി നടത്തിയില്ല; കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ അപകടാവസ്ഥയിൽ
text_fieldsചാരുംമൂട്: യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കനാല്‍ അക്വഡേറ്റ് പാലങ്ങള്‍ തകർച്ചയിൽ. കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദികാട്ടുകുളങ്ങര-രിഫായി മുള്ളംകുറ്റി, തലക്കോട് -കരിമാന്‍കാവ് അക്വഡേറ്റ് പാലങ്ങളാണ് വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതു മൂലം അപകട ഭീഷണിയുയർത്തി തകർച്ചയിലായിരിക്കുന്നത്. ആദികാട്ടുകുളങ്ങര- രിഫായി മുള്ളംകുറ്റി അക്വഡേറ്റ് പാലം ഒരു കിലോമീറ്റർ നീളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.
നാല്പത് വര്‍ഷത്തിലധികം പഴക്കമുള്ള ഈ അക്വഡേറ്റ് പാലത്തിലൂടെ മുമ്പ് ചെറിയ വാഹനങ്ങള്‍ കടന്നു പോയിരുന്നുവെങ്കിലും അപകടാവസ്ഥയിലായതോടെ പാലത്തിന്റെ ഇരുഭാഗവും വർഷങ്ങൾക്ക് മുമ്പ് അധികൃതര്‍ കെട്ടിയടച്ചിരുന്നു. എന്നാൽ കെട്ടിയടച്ചതും നിലവിൽ തുറന്ന നിലയിലാണ്. ആദികാട്ടുകുളങ്ങരയില്‍ നിന്നും പന്തളം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലും അടിഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു മാറി വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. അടിഭാഗം തകര്‍ന്നതിനാല്‍ വേനൽക്കാലത്ത് കനാൽ തുറന്നു വിടുമ്പോൾ നൂറടിയോളം താഴ്ചയിലേക്ക് വെള്ളം കുത്തിയൊലിച്ച് റോഡ് തകരുന്നതും സ്ഥിരമാണ്.
കനാല്‍ തുറന്ന് വിട്ടാൽ താഴ്ന്ന ഭാഗങ്ങള്‍ വെള്ളക്കെട്ടാവുകയും റോഡും വീടുകളും വെള്ളത്തിലായി നാട്ടുകാർ ദുരിതത്തിലാവുകയും ചെയ്യും. അര കിലോമീറ്ററോളം നീളമുള്ള തലക്കോട് കരിമാന്‍കാവ് അക്വഡേറ്റ് പാലത്തിന്റെ അടിഭാഗവും കോണ്‍ക്രീറ്റ് ദ്രവിച്ച് ഇളകിമാറി തകര്‍ന്ന നിലയിലാണ്. ആദിക്കാട്ടുകുളങ്ങര ടൗണ്‍ വാര്‍ഡ് വഴി കുടശ്ശനാടിന് പോകുന്ന ഈ റോഡ് കനാല്‍ തുറന്നാൽ കാൽനട പോലും കഴിയാത്ത നിലയിൽ ചെളിക്കുണ്ടായി മാറും.
രണ്ട് അക്വഡേറ്റ് പാലങ്ങളുടെയും സമീപത്തായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ബലക്ഷയമുള്ള പാലങ്ങൾ തകര്‍ന്ന് വീണാല്‍ ഈ കുടുംബങ്ങള്‍ അപകടത്തിലാകും. അക്വഡേറ്റ് പാലങ്ങളുടെ ബലക്ഷയം പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ നാട്ടുകാർ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇരു പാലങ്ങളുടെയും ബലക്ഷയം പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.