ഇസ്മായിൽ കുഞ്ഞിെൻറ വിയോഗം നഷ്ടമായത് ലെപ്രസി സാനറ്റോറിയം അന്തേവാസികളുടെ ശബ്ദം
text_fieldsചാരുംമൂട്: നൂറനാട് ലെപ്രസി സാനറ്റോറിയം പേഷ്യൻറ് സൊസൈറ്റി സെക്രട്ടറിയും മുതിർന്ന അന്തേവാസിയുമായ ഇസ്മായിൽ കുഞ്ഞിെൻറ (74) വിയോഗത്തിലൂടെ നഷ്ടമായത് അന്തേവാസികളുടെ ശബ്ദം. രോഗബാധിതനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം ഞായറാഴ്ച രാവിലെയാണ് മരിച്ചത്. പിതാവിന് കുഷ്ഠം ബാധിച്ച് സാനറ്റോറിയത്തിൽ ചികിത്സ തുടങ്ങിയതോടെ 15ാം വയസ്സുമുതലാണ് ഇവിടേക്ക് വരാൻ തുടങ്ങിയത്. ഇതിനിടെ, ഇദ്ദേഹത്തിനും പിന്നീട് സഹോദരിക്കും രോഗം ബാധിച്ചു. തുടർന്ന് ഇരുവരും ഇവിടുത്തെ അന്തേവാസികളാവുകയായിരുന്നു.
പേഷ്യൻറ്സ് വെൽഫെയർ കമ്മിറ്റി കൺവീനറായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അന്തേവാസികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ യഥാസമയം അധികൃതരിൽ എത്തിച്ച് പരിഹാരം കണ്ടിരുന്നു. ഏത് വി.ഐ.പി സാനറ്റോറിയത്തിലെത്തിയാലും അന്തേവാസികളുടെ എന്തെങ്കിലും വിഷമതകൾ ഇദ്ദേഹത്തിന് പറയാനുണ്ടാവും. ജനപ്രതിനിധികൾക്കടക്കം പേരെടുത്ത് അറിയാവുന്ന വ്യക്തികൂടിയാണ്. ആശുപത്രിയിലെ സൂപ്രണ്ടടക്കമുള്ള ഡോക്ടർമാരുമായും അന്തേവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നിരന്തരം ചർച്ച ചെയ്തിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 12 ഓടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ച് പൊതുദർശനത്തിന് െവച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രജനി, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. വേണു, തയ്യൽ തൊഴിലാളി ക്ഷേമനിധി ചെയർപേഴ്സൻ ജി. രാജമ്മ, ജില്ല പഞ്ചായത്ത് അംഗം തുഷാര, പഞ്ചായത്ത് അംഗം രജിത അളകനന്ദ, ആർ.എം.ഒ ഡോ. സ്മിത, മുൻ പഞ്ചായത്ത് അംഗങ്ങളായ എൻ. റഹീം, സുജ ഓമനക്കുട്ടൻ തുടങ്ങിയവരും അന്തേവാസികളും ജീവനക്കാരും അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം സ്വദേശമായ മണ്ണാറശ്ശാല ആളൂരിലേക്ക് കൊണ്ടുപോയി ഖബറടക്കി. മുൻ എം.എൽ.എ ആർ. രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.വി. വിദ്യ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.