യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
text_fieldsചാരുംമൂട്: നൂറനാട് പാലമേൽ ഉളവുക്കാട് പാടത്ത് മീൻപിടിക്കാൻ പോയ യുവാവ് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് ഗോപ ഭവനം ഗോപകുമാറിനെയാണ് (45) ചെങ്ങന്നൂർ മുളക്കുഴയിൽ ഒളിവിൽ താമസിച്ചിടത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് മറ്റപ്പള്ളി രാജ്ഭവനത്തിൽ രാജൻ, ഷീല ദമ്പതികളുടെ മകൻ രാഹുൽ രാജ് (32) മരിച്ച കേസിലാണ് അറസ്റ്റ്.
സെപ്റ്റംബർ 23ന് മീൻ പിടിക്കാൻ പോയ രാഹുൽ രാജിന് പാലമേൽ ഉളവുക്കാട് പാടത്ത് കൃഷിവിള സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. പിന്നീട് നടത്തിയ പരിശോധനയിലാണ് വയലിലെ കൃഷി കാട്ടുപന്നിയുടെ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് ഗോപകുമാർ വീട്ടിലെ വൈദ്യുതി കണക്ഷനിൽനിന്ന് അനധികൃതമായി വയർ വലിച്ച് കൃഷിയിടത്തിലെ കമ്പിവേലിയിൽ വൈദ്യുതി പ്രസരിപ്പിച്ചിരുന്നതാണെന്ന് കണ്ടെത്തിയത്.
തുടർന്ന് നൂറനാട് പൊലീസ് കൃഷി ഉടമക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
നൂറനാട് പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.എസ്. സുഭാഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എസ്. സിജു, ആർ. രജീഷ്, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.