സ്ത്രീധനത്തിനെതിരെ മാതൃകയായി വിവാഹം, ആഭരണങ്ങൾ തിരിച്ചുനൽകി
text_fieldsചാരുംമൂട്: സ്ത്രീധനത്തിനെതിരെ മഹത്തായ മാതൃക കാട്ടി സതീഷ് സത്യെൻറയും ശ്രുതിരാജിെൻറയും വിവാഹം. മാതാപിതാക്കൾ മകൾക്ക് വിവാഹ സമ്മാനമായി നൽകിയ ആഭരണങ്ങൾ മുഴുവൻ തിരികെ നൽകിയാണ് സതീഷ് സത്യൻ സമൂഹത്തിന് മാതൃകയായത്.
നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ-ജി. സരസ്വതി ദമ്പതികളുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരി മംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതികളുടെ മകൾ ശ്രുതിരാജും തമ്മിലുള്ള വിവാഹം വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണ് നടന്നത്. വധുവിനെ വീട്ടുകാർ മതിയായ സ്വർണാഭരണങ്ങൾ അണിയിച്ചാണ് വിവാഹ മണ്ഡപത്തിലേക്ക് കൊണ്ടുവന്നത്. വിവാഹശേഷമാണ് ആഭരണങ്ങളെല്ലാം ശാഖയോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വരനും പിതാവും ചേർന്ന് വധുവിെൻറ മാതാപിതാക്കൾക്ക് കൈമാറിയത്.
സ്ത്രീധനത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേരുകയാണെന്നും തങ്ങളുടെ തീരുമാനം മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്നുമായിരുന്നു സതീഷ് സത്യെൻറയും പൊതുപ്രവർത്തകൻ കൂടിയായ പിതാവിെൻറയും പ്രതികരണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എസ്.എൻ.ഡി.പി ശാഖ യോഗം ഭാരവാഹികളായ ബിജു പള്ളിക്കൽ, കെ. സോമരാജൻ, ഷാജി, മോഹനൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.