ഉദ്ഘാടനം കഴിഞ്ഞെങ്കിലും തുറന്നുകൊടുക്കാതെ ആദികാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യ മാർക്കറ്റ്
text_fieldsചാരുംമൂട്: ആദികാട്ടുകുളങ്ങരയിലെ ആധുനിക മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലമേൽ പഞ്ചായത്തിൽ കെ.പി.റോഡരികിൽ ആദിക്കാട്ടുകുളങ്ങരയിൽ തീരദേശ വികസന കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആധുനിക മത്സ്യച്ചന്ത 2019 ആഗസ്റ്റിൽ മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.
2013 നവംബറിലാണ് സംസ്ഥാന തീരദേശ വികസന കോർപറേഷനും നാഷണൽ ഫിഷറീസ് ഡെവലപ്മെൻറ് ബോർഡും ചേർന്ന് 1.78 കോടി രൂപ ചെലവഴിച്ച് ആധുനിക മത്സ്യ മാർക്കറ്റിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നത്തെ ഫിഷറീസ് മന്ത്രി കെ. ബാബുവായിരുന്നു നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് നിലകളിലായുള്ള കെട്ടിടത്തിെൻറ പണി പൂർത്തീകരിച്ചെങ്കിലും ഉദ്ഘാടനം നടത്താത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് ഉദ്ഘാടനം നടത്തിയെങ്കിലും കച്ചവടക്കാർക്ക് മാർക്കറ്റ് തുറന്നുകൊടുക്കാൻ അധികാരികൾ തയാറായില്ല. മൊത്തവ്യാപാരികൾ കടപ്പുറത്തു നിന്ന് ശേഖരിക്കുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വലിയ ഫ്രീസറുകൾ, ഐസ് പ്ലാൻറ്, തൊഴിലാളികൾക്ക് വിശ്രമമുറികൾ, ആധുനിക മാലിന്യ സംസ്കരണ യൂണിറ്റ്, ആവശ്യത്തിനുള്ള ശൗചാലയങ്ങൾ, വാഹന പാർക്കിങ്ങ് ഏരിയ എന്നിവയെല്ലാം സജ്ജീകരിച്ച മത്സ്യവിപണന കേന്ദ്രമാണിത്.
എന്നാൽ മലിനജല സംസ്കരണ കേന്ദ്രവും ഐസ് പ്ലാൻറും സ്ഥാപിച്ചാൽ മാത്രമേ മത്സ്യവിപണന കേന്ദ്രം പൂർണമായും പ്രവർത്തനസജ്ജമാക്കുവാൻ കഴിയൂ. എന്നാൽ കരാറുകാരൻ പണി നിർത്തി പോയതിനാലും പണി നീണ്ടു പോയതിനാലും ഇതിനു വേണ്ട ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. കുഴൽ കിണർ നിർമിച്ചെങ്കിലും മോട്ടോർ സ്ഥാപിക്കാത്തതിനാൽ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല.
തുടക്കം മുതൽ അഴിമതി ആരോപണങ്ങളും സ്വകാര്യ വ്യക്തിയുടെ കോടതി ഇടപെടലും കാരണം ഇഴഞ്ഞു നീങ്ങിയ നിർമാണം വർഷങ്ങൾ കഴിഞ്ഞാണ് പൂർത്തിയായത്. ധൃതി പിടിച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. ഈ അവസരത്തിലെങ്കിലും നാട്ടുകാർക്ക് ഏറെ പ്രയോജനം കിട്ടുന്ന മത്സ്യ വിപണന കേന്ദ്രം തുറന്നു പ്രവർത്തിക്കുവാനുള്ള സാഹചര്യം പാലമേൽ പഞ്ചായത്ത് അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് മത്സ്യവില്പന നടത്തി കുടുംബം പുലർത്തുന്ന ബഹുഭൂരിപക്ഷം വരുന്ന ആദിക്കാട്ടുകുളങ്ങരക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.