അന്തര്‍സംസ്ഥാനക്കാരുടെ കൊലപാതകങ്ങൾ വർധിക്കുന്നു; പെരുമ്പാവൂര്‍ മേഖലയിൽ ജനം ആശങ്കയിൽ
text_fieldsപെരുമ്പാവൂര്‍: അന്തര്‍സംസ്ഥാനക്കാരുടെ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോള്‍ മേഖല ആശങ്കയിലാകുന്നു. രണ്ടാഴ്ചമുമ്പ് മുടിക്കല്ലില്‍ അസം സ്വദേശിനി ഫരീദ ബീഗത്തെ ആണ്‍സുഹൃത്ത് മൊഹര്‍ അലി കുത്തിക്കൊന്നതിന് പിന്നാലെയാണ് ശനിയാഴ്ച കണ്ടന്തറ ബംഗാള്‍ കോളനിയില്‍ മാമുനി ഛേത്രിയെ ഭര്‍ത്താവ് ഷിബ ബഹാദൂര്‍ ഛേത്രി കഴുത്തറുത്ത് വകവരുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന കൊലപാതകങ്ങള്‍ സമൂഹത്തിൽ സ്വൈരജീവിതത്തിന് ഭീഷണിയായി മാറുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
അസം, പശ്ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തി ഇവിടെ തൊഴിലെടുക്കുന്ന പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. മോഷണത്തിലും മയക്കുമരുന്ന് വില്പനയിലും സജീവമായ ഇവരില്‍ ചിലർ ലഹരിക്ക് അടിമകളുമാണ്. ഇവിടെ എത്തിയശേഷം പുരുഷന്മാരോടൊപ്പം കഴിയുന്നവരാണ് കൊല്ലപ്പെടുന്നവരും ആക്രമണത്തിന് ഇരയാകുന്നവരുമായ സ്ത്രീകള്‍. ചിലര്‍ മാസങ്ങള്‍ കഴിയുമ്പോള്‍ വിട്ടുപിരിയുന്നത് വൈരാഗ്യത്തിന് കാരണമായി മാറുന്നു. ഇത് കൊലപാതകത്തിലേക്കും മറ്റും വഴിവെക്കുന്നു.
2020 ഫെബ്രുവരിയില്‍ എം.സി റോഡിലെ ഒക്കല്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനായിരുന്ന അസം സ്വദേശി മൊഹീബുല്ലയെ സുഹൃത്ത് പങ്കജ് മണ്ഡല് കൊലപ്പെടുത്തിയ സംഭവമുണ്ടായി. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുണ്ടായ നിസ്സാര കാര്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2022ല്‍ കണ്ടന്തറയില് വാടകക്ക് താമസിച്ചിരുന്ന അസം സ്വദേശിനി ഖാലിദ ഖാത്തൂനെ ഭാര്‍ത്താവ് ഫക്രുദ്ദീന്‍ വകവരുത്തി. പ്ലൈവുഡ് കമ്പനിയില്‍ ജീവനക്കാരായിരുന്ന ഇരുവരും നാലുവര്‍ഷം ഒന്നിച്ച് താമസിച്ചുവരുന്നതിനിടെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. 2023 നവംബര്‍ 11ന് മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് നാടിനെ നടുക്കിയിരുന്നു. അസം സ്വദേശികളായ മുക്സിദുല്‍ ഇസ്ലാമും മുഷിത ഖാത്തൂനും ഈ കേസില്‍ പിടിയിലായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ വട്ടക്കാട്ടുപടിയില്‍ ഒഡിഷ സ്വദേശി ആകാശ് ദിഗലിനെ നാട്ടുകാരനായ അജ്ജന്‍ നായിക്ക് കൊലപ്പെടുത്തിയത് കടം വാങ്ങിയ തുകയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് തുരുത്തിപ്ലിക്ക് സമീപം താറാവ് ഫാമിലും ഒരാൾ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.