നൂറനാട് സാനറ്റോറിയം ഗ്രന്ഥശാല അവഗണനയിൽ
text_fieldsചാരുംമൂട്: രോഗം ഒരു കുറ്റമാണോ?.. സമൂഹ മനഃസാക്ഷിയെ ചിന്തിപ്പിച്ച ഈ ചോദ്യം ഉയർത്തിയ അശ്വമേധം എന്ന നാടകം രൂപം കൊണ്ട നൂറനാട് െലപ്രസി സാനറ്റോറിയം ഗ്രന്ഥശാല അവഗണനയിൽ. കുഷ്ഠം ബാധിച്ചവരെ ജീവിത പരിസരങ്ങളിൽനിന്ന് ആട്ടിപ്പായിച്ചിരുന്ന കാലഘട്ടത്തിൽ അവരോടൊപ്പം ഇടപഴകി, അവരുടെ സ്വപ്നങ്ങളും ദുഃഖങ്ങളും ചോദ്യങ്ങളും അക്ഷരങ്ങളിലൂടെ രംഗാവിഷ്കാരത്തിലൂടെ ഉയർത്തിയ തോപ്പിൽ ഭാസി ഈ ഗ്രന്ഥശാലയിലെ സ്ഥിരം സന്ദർശകനായിരുന്നു.
ശരീരവും മോഹങ്ങളും മുരടിച്ചവർക്ക് വായനയുടെ മധുരം പകർന്നു നൽകിയ ഈ െലപ്രസി സാനറ്റോറിയം ഗ്രന്ഥശാലയാണ് അവഗണനയിൽ നശിക്കുന്നത്. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഈ ഗ്രന്ഥശാല ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥയിലായിട്ട് വർഷങ്ങളായി. 70 വർഷം പിന്നിട്ട ഗ്രന്ഥശാല പ്രൗഢമായ പഴയകാല ഓർമകളിലാണിന്ന്. 21,000ലേറെ പുസ്തകങ്ങളാണ് ഗ്രന്ഥശാലയുടെ മുതൽക്കൂട്ട്.
1949 ജൂലൈ ഒന്നിന് അന്നത്തെ സാനറ്റോറിയം സൂപ്രണ്ടായിരുന്ന ഡോ. ഗംഗാധരൻ കർത്തയാണ് ഗ്രന്ഥശാലക്ക് തുടക്കമിട്ടത്. സമൂഹത്തിെൻറ പിന്നാമ്പുറങ്ങളിലേക്ക് ആട്ടി പ്പായിക്കപ്പെട്ട ഒരു സമൂഹത്തിൽ നിരാലംബരായി കഴിയുന്ന അന്തേവാസികൾക്ക് അക്ഷരങ്ങളിലൂടെ ശാന്തി പകരുകയായിരുന്നു ലക്ഷ്യം. അന്തേവാസികളിൽ നിരവധിപേർ അക്ഷരങ്ങളെ സ്നേഹിച്ച് എഴുത്തുകാരായി. അവരിൽ നാടകകൃത്തുക്കളും കവികളും ഉണ്ടായി. ആശുപത്രി ജീവനക്കാരും അന്തേവാസികളും മുൻകൈയെടുത്ത് പ്രധാനകരിൽനിന്നും എഴുത്തുകാരിൽനിന്നും ശേഖരിച്ച അഞ്ഞൂറോളം പുസ്തകങ്ങളോടെയായിരുന്നു തുടക്കം.
1968ൽ ഗ്രന്ഥശാലക്ക് 'എ' ഗ്രേഡ് പദവി ലഭിച്ചു. കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന മിക്കവാറും ദിനപ്പത്രങ്ങളും വാരികകളും മാസികകളും സൗജന്യമായി ഗ്രന്ഥശാലക്ക് ലഭിക്കുന്നുണ്ട്. രണ്ടായിരത്തോളം അന്തേവാസികളാണ് അന്ന് സാനറ്റോറിയത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടതോടെ സാനറ്റോറിയം അന്തേവാസികളുടെ എണ്ണം കുറഞ്ഞു. നാട്ടുകാരായ ധാരാളം പേർക്കും ഗ്രന്ഥശാലയിൽ അംഗത്വം നൽകി. റഫറൻസ് ഗ്രന്ഥങ്ങളുടെ വൻശേഖരമാണ് ഇവിടെയുള്ളത്. വട്ടെഴുത്ത് ലിപിയിലുള്ള അപൂർവമായ താളിയോലകളുടെ വൻശേഖരവും ഗ്രന്ഥശാലയുടെ മുതൽക്കൂട്ടാണ്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്ന കാലത്താണ് മുണ്ടശ്ശേരി മാസ്റ്റർ മുൻകൈയെടുത്ത് വായനശാലക്ക് സ്വന്തമായി കെട്ടിടം അനുവദിച്ചത്. 1990ൽ പണിത കെട്ടിടത്തിലാണ് ഇപ്പോൾ ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. 2003 ജൂലൈയിൽ 55ാം വാർഷികം ആഘോഷപൂർവം നടന്നിരുന്നു. പിന്നീട് എല്ലാവരും ഗ്രന്ഥശാലയെ പൂർണമായും മറന്ന മട്ടാണ്. കോവിഡ് കാലമായതോടെ അടച്ചിട്ട ഗ്രന്ഥശാല തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടി ഉണ്ടായില്ല. ഗ്രന്ഥശാല തുറക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് അക്ഷര സ്നേഹികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.