ചരിത്ര അടയാളമായിരുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം വിസ്മൃതിയിലേക്ക്
text_fieldsചാരുംമൂട്: രാജഭരണത്തിെൻറ ഓർമയുണർത്തി ചരിത്രത്തിെൻറ അടയാളമായിരുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടം വിസ്മൃതിയിലേക്ക്. നൂറനാട്ടെ ആദ്യകാല പൊലീസ് സ്റ്റേഷനാണ് പൊളിച്ചുനീക്കുന്നത്. കാലപ്പഴക്കത്താൽ നിലംപൊത്താറായ കെട്ടിടം പൊളിച്ചുമാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിെൻറ മാവേലിക്കര ഓഫിസിൽ ലേല നടപടി പൂർത്തിയാക്കിയതോടെ ദിവസങ്ങൾക്കം പൊളിക്കും.
തിരുവിതാംകൂർ രാജഭരണകാലത്ത് നിർമിച്ച നിരവധി കെട്ടിടങ്ങൾ ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലുണ്ടായിരുന്നു. ഇതിലൊരു കെട്ടിടത്തിലാണ് വർഷങ്ങൾക്കുമുമ്പ് നൂറനാട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പന്തളം പൊലീസ് സ്റ്റേഷെൻറ ഔട്ട്ലെറ്റ് കേന്ദ്രമായിട്ടായിരുന്നു തുടക്കം. രാജകീയ മുദ്ര കൊത്തിവച്ച മനോഹര കെട്ടിടത്തിെൻറ പ്രധാന വാതിലൂടെ കയറിയാൽ സബ് ഇൻസ്പെക്ടറുടെ മേശയും അതിനോടുചേർന്ന് ഡ്യൂട്ടി ഓഫിസറുടെ ഇരിപ്പിടവും കാണാം. അന്ന് ഇടിമുറി എന്നറിയപ്പെടുന്ന ഇന്നത്തെ ലോക്കപ്പുമുണ്ട്. ആകെ മൂന്നു പൊലീസുകാരും സബ് ഇൻസ്പെക്ടറുമാണുണ്ടായിരുന്നത്.
പുതിയ സ്റ്റേഷൻ കെട്ടിടവും ഉദ്യോഗസ്ഥരും വന്നതോടെ പഴയ കെട്ടിടം ഉപേക്ഷിച്ചു. രാജഭരണത്തിെൻറ ഓർമ നിലനിർത്താൻ കെട്ടിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, കെട്ടിടം പഴയപടി നിലനിർത്താൻ പുതിയ കെട്ടിടം നിർമിക്കുന്നതിെനക്കാൾ കൂടുതൽ തുക ചെലവാകുമെന്നതിനാൽ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് കൗൺസലിങ് സെൻററായി പ്രവർത്തിച്ചു. സീനിയർ സിറ്റിസൺ ഹെൽപ് ഡെസ്ക്, വനിത ഹെൽപ് ഡെസ്ക് എന്നിവ തുടങ്ങിയെങ്കിലും അതിനും പൂട്ടുവീണു. തുടർന്ന് പഴയ ഫയലുകളും തൊണ്ടിസാധനങ്ങളും സൂക്ഷിക്കാനുള്ള ഇടമായി മാറി. കെ.പി റോഡിനോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പഴയ പൊലീസ് സ്റ്റേഷനുമുന്നിൽ റാന്തൽ വിളക്കുമരവും ചുമടുതാങ്ങിയും ഉണ്ടായിരുന്നു. റോഡ് വികസനത്തിന് വഴിവിളക്കും ചുമടുതാങ്ങിയും നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.