തിരിച്ചുവരുന്നു, മൺപാത്രങ്ങളിലെ ഓണരുചികൾ
text_fieldsചാരുംമൂട്: ‘‘എന്തൊരു രുചിയായിരുന്നു മൺപാത്രങ്ങളിൽ പാചകം ചെയ്ത വിഭവങ്ങൾക്ക്’’ ഓണസദ്യയെക്കുറിച്ച് പഴയ തലമുറ ഗൃഹാതുരതയായിരുന്നു ഇത്. പണ്ട് ചിങ്ങമാസം പിറക്കുമ്പോഴേ പുതിയ പാത്രങ്ങൾ വാങ്ങാനുള്ള തിരക്കിലായിരിക്കും വീട്ടുകാർ. ഓണം പുതിയ രുചിയിൽ വിളമ്പാനാണ് പുതിയ മൺപാത്രങ്ങൾ വാങ്ങുന്നത്. ചോറ് വെക്കാനുള്ള കലം മുതൽ ഉപ്പേരിക്കലം, വിവിധ ഇനം അച്ചാറുകൾ ഉണ്ടാക്കി വെക്കാനുള്ള കലങ്ങൾ എന്നിവയാണ് വാങ്ങിയിരുന്നത്.എന്നാൽ കാലം മാറിയതോടെ മൺപാത്രങ്ങൾ ആർക്കും വേണ്ടാതായി. ഒരു കാലത്ത് മൺപാത്രങ്ങളും ചുമന്ന് നടന്ന് എത്തിയിരുന്ന കച്ചവടക്കാർ നിരവധിയായിരുന്നു. ഓണക്കാലമായാൽ എല്ലാ വഴികളിലും ഇവർ ഉണ്ടാകും. ഇന്ന് ഇത്തരം കച്ചവടക്കാരെ കാണാനേയില്ല.
അലൂമിനിയം, സ്റ്റീൽ പാത്രങ്ങളുടെ വരവോടെയാണ് മൺപാത്രങ്ങൾ അടുക്കളകളിൽ നിന്ന് അകന്നത്. ഗ്യാസ് അടുപ്പുകളുടെ വരവും പ്രധാന കാരണമായി. ഇതോടെ മൺപാത്രവുമായി ഉപജീവനം നടത്തുന്നവർ പെരുവഴിയിലായി. എന്നാൽ, നാവിൽ കൊതി നിറയുന്ന ഭക്ഷണം ഉണ്ടാക്കാൻ മൺപാത്രങ്ങൾ വേണമെന്ന ചിന്തക്ക് പിൻബലമേകി മൺപാത്രങ്ങൾ തിരിച്ചുവരവിലാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ തീൻമേശയിൽ മൺപാത്രങ്ങൾ സ്ഥാനം നേടിയപ്പോൾ പുത്തൻ അനുഭവമായി മാറി. ഉത്സവദിവസങ്ങളിൽ മാത്രം വിറ്റഴിച്ചിരുന്ന മൺപാത്രങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഇതിന്റെ കച്ചവടവും വ്യാപകമായി. കഞ്ഞി കലത്തിനും കറിവെക്കാനും വെള്ളം വെക്കാനുള്ള കൂജയടക്കമുള്ള കുടത്തിനുമൊക്കെ ആവശ്യക്കാർ ഏറെയാണ്. കരവിരുതിന്റെ ചാരുത നിന്ന മൺപാത്രങ്ങൾ ഇന്ന് മാർക്കറ്റുകളിൽ സുലഭമാണ്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലും പാത്രങ്ങൾ എത്തുന്നത്.
ആവശ്യക്കാർ ഏറെയുണ്ടെന്ന് താമരക്കുളം ചന്തയിൽ മൺപാത്രങ്ങൾ വിൽക്കുന്നവർ പറയുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുടുംബങ്ങൾ പാത്ര നിർമാണത്തിൽ ഏർപെട്ടിരുന്നു. എന്നാൽ, ഇന്ന് നാമമാത്രമാണ് ഈ തൊഴിലിൽ ഏർപ്പെടുന്നവർ. പാത്ര നിർമാണത്തിനാവശ്യമായ മണ്ണിന്റെ ലഭ്യത കുറഞ്ഞതാണ് പ്രധാനമായി ഈ വ്യവസായത്തിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.