ഓണാട്ടുകരയുടെ 'ഗാന്ധി' ഇവിടെയുണ്ട്; വിശ്രമ ജീവിതത്തിൽ
text_fieldsശബ്ദംകൊണ്ട് വിസ്മയം തീർത്ത് അനൗൺസറായി തിളങ്ങുന്നതിനിടയാണ് ബഷീറിനെത്തേടി ഗാന്ധിവേഷമെത്തിയത്. 2011 ശൂരനാട്ട് തെന്നല ബാലകൃഷ്ണപിള്ള സപ്തതി സ്മാരക മന്ദിരം ഉദ്ഘാടന ഘോഷയാത്രയിലായിരുന്നു ആദ്യ അരങ്ങേറ്റം. ഗാന്ധിയുമായുള്ള സാമ്യതകണ്ട് പലരും ആശ്ചര്യംകൂറിയതോടെ പിന്നീട് വിവിധ പരിപാടികളിൽ ബഷീറിെൻറ 'ഗാന്ധി' ഒഴിച്ചുകൂടാത്ത ഇനമായി. മത സൗഹാർദ റാലികളിലും സമ്മേളനങ്ങളിലും മഹാത്മജി അനുസ്മരണ പരിപാടികളിലുമൊക്കെ പിന്നീട് ബഷീറായി നാടിെൻറ ഗാന്ധി. നൂറുകണക്കിന് വേദികളിലാണ് ബഷീർ ഗാന്ധി വേഷത്തിൽ എത്തിയത്.
2013ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പങ്കെടുത്ത ജനസമ്പർക്ക പരിപാടിയിലെത്തി അഭിനന്ദനം ഏറ്റുവാങ്ങിയത് മറക്കാൻ കഴിയില്ലെന്ന് ബഷീർ പറയുന്നു. പരാതി നൽകാൻ ബഷീർ ഗാന്ധി വേഷത്തിലാണ് എത്തിയത്. ആദ്യം പൊലീസ് തടഞ്ഞെങ്കിലും ഗാന്ധി വേഷധാരിയെ മുഖ്യമന്ത്രിയുടെ അരികിലേക്ക് കടത്തിവിട്ടു. തെൻറ പരാതിയും സങ്കടവും ബോധിപ്പിച്ച ശേഷം മുഖ്യമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ശേഷമാണ് വേദിവിട്ടത്.
ചെറുപ്പത്തിൽ ഗാന്ധിയോടു തോന്നിയ ബഹുമാനവും സ്നേഹവുമാണ് ആ വേഷം ധരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് ബഷീർ പറയുന്നത്. വീട്ടിൽ വിശ്രമമാണെങ്കിലും ഗാന്ധിജിയുടെ മഹദ്വചനങ്ങൾ ശേഖരിച്ച് എഴുതിവെക്കാനും ബഷീർ സമയം കണ്ടെത്തുന്നു.
കൊമേഴ്സ്യൽ ആർട്ടിസ്റ്റും അനൗൺസറും നടനും പൊതുപ്രവർത്തകനുമൊക്കെയായിരുന്ന ബഷീർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനാണ്. ബഷീറില്ലാത്ത പൊതു ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല ഓണാട്ടുകരയിൽ. ഓണം വന്നാലും ഉത്സവം വന്നാലും ഉദ്ഘാടനങ്ങൾ നടന്നാലും എന്തിന് മരണം വരെ രണ്ടു വർഷം മുമ്പുവരെ ബഷീറിെൻറ ശബ്ദത്തിലൂടെയാണ് നാട്ടുകാർ അറിഞ്ഞിരുന്നത്.
ചുവരെഴുത്തും ബാനർ, ബോർഡ് എഴുത്തുമൊക്കെയായിരുന്നു മുഖ്യജോലി. എന്നാൽ, ഫ്ലക്സ് വ്യാപകമായതോടെ തൊഴിൽ കുറഞ്ഞു. അപേക്ഷകൾ തയാറാക്കി നൽകിയായിരുന്നു പിന്നീട് ഉപജീവനം. ഫാത്തിമ ബീവിയാണ് ഭാര്യ. സജിമോൻ, സജിമോൾ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.