പാലമേൽ: മലതുരക്കാൻ മാഫിയ; പ്രതിരോധിക്കാൻ നാട്ടുകാർ
text_fieldsചാരുംമൂട്: പാലമേൽ ഗ്രാമത്തിലെ മലകൾ ഇടിച്ചുനിരത്തി മണ്ണെടുക്കാനുള്ള നീക്കം വീണ്ടും ശക്തമാകുന്നു. ജില്ലയുടെ തെക്കുകിഴക്കേ അതിർത്തിയിൽ പത്തനംതിട്ട ജില്ലയോടു ചേർന്നുള്ള ഞവരക്കുന്ന്, പുലിക്കുന്ന്, മറ്റപ്പള്ളി, കഞ്ചുകോട് വാർഡുകളിൽ മലയിടിച്ച് മണ്ണെടുക്കാനാണ് നീക്കം.
വികസന പ്രവർത്തനങ്ങളുടെ പേരിൽ 150 ഏക്കർ സ്ഥലത്തുനിന്നു മണ്ണെടുക്കാനുള്ള ശ്രമങ്ങളാണ് ഊർജിതമായി നടന്നുവരുന്നത്. പരിസ്ഥിതിലോല പ്രദേശമാണിത്. മണ്ണെടുപ്പ് പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന് ‘സെസി’ന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. മലയുടെ താഴ്വാരത്തെ വീടുകളിൽ താമസിക്കുന്നവർ മണ്ണിടിച്ചിലുണ്ടാകുമോയെന്ന പേടിയിലാണ് ജീവിക്കുന്നത്.
റോഡ് വികസനത്തിന്റെ പേരിൽ മലകൾ തുരന്ന് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കോടതി പരാതികൾ തള്ളിയതോടെയാണ് വീണ്ടും മണ്ണ് എടുക്കാനുള്ള നീക്കം ശക്തമാകുന്നത്. എന്നാൽ, പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിന് ഹരജി നൽകിയിട്ടുണ്ട്.
2018 സെപ്റ്റംബർ 12നുണ്ടായ ഭൂചലനത്തിൽ പാലമേൽ പഞ്ചായത്തിലെ ഇരുനൂറോളം വീടുകൾക്ക് വിള്ളലുണ്ടായി. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ സമീപപ്രദേശമായ പള്ളിക്കൽ പഞ്ചായത്തിലെ വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണെടുപ്പുമൂലം ഉണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടിയെടുക്കേണ്ടതിന്റെ ആവശ്യവും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇന്നും ജില്ലയുടെ കിഴക്കൻ മേഖലയിൽ മണ്ണെടുപ്പ് തുടരുകയാണ്. മറ്റപ്പള്ളി, കഞ്ചുകോട്, പുലിക്കുന്ന്, ഉളവുക്കാട്, ഞവരക്കുന്ന്, പൈങ്കണ്ണിമല ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു ലോഡ് മണ്ണാണ് പത്തുവർഷത്തിനുള്ളിൽ ടിപ്പർ ലോറികളിൽ കടത്തിക്കൊണ്ടു പോയത്.
റവന്യൂ, പൊലീസ്, ജിയോളജി വകുപ്പുകൾ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. കഞ്ചുകോട് മലയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇപ്പോഴും മണ്ണെടുപ്പ് വ്യാപകമാണ്. വീടുവെക്കാൻ മണ്ണെടുക്കണമെന്നു കാട്ടി നൽകുന്ന അപേക്ഷയിൽ അധികൃതർ അനുവാദം നൽകും.
ഈ പെർമിറ്റിന്റെ മറവിലാണ് നൂറുകണക്കിനു ലോഡ് മണ്ണ് കടത്തുന്നത്. അർധരാത്രിയോടെ ആരംഭിക്കുന്ന മണ്ണെടുപ്പ് പുലർച്ചെയോടെയാണ് അവസാനിക്കുന്നത്. 150 ഏക്കർ സ്ഥലത്തെ മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല നടത്തി പ്രതിഷേധത്തിന് തുടക്കം കുറിച്ചിരുന്നു. ഇനി മണ്ണെടുക്കാൻ നീക്കമുണ്ടായാൽ ശക്തമായി പ്രതിരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.