പാലമേൽ മറ്റപ്പള്ളി മണ്ണെടുപ്പ്: സമരക്കാർക്കുനേരെ പൊലീസ് അതിക്രമം
text_fields ചാരുംമൂട്: പാലമേൽ മറ്റപ്പള്ളിയിൽ ജനകീയ സമരത്തെ അതിക്രൂരമായി നേരിട്ട് പൊലീസ്. പരിസ്ഥിതിയെ തകർക്കുന്ന മണ്ണടുപ്പിനെതിരെ നാട്ടുകാർ നടത്തിയ ജനകീയ സമരത്തിനു നേരെയായിരുന്നു വെള്ളിയാഴ്ച പൊലീസ് അതിക്രമം. സ്ത്രീകളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കം നിരവധി പേർക്ക് മർദ്ദനമേറ്റു.
രാവിലെ പത്തരയോടെ എം.എസ്. അരുൺ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ആശാൻ കലുങ്കിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. നേതാക്കൾ സംസാരിക്കുന്നതിനിടെ പൊലീസ് അറസ്റ്റിലേക്ക് കടന്നതോടെ ബഹളവും സംഘർഷവുമായി. സ്ത്രീകളെയടക്കം വലിച്ചിഴച്ചും ക്രൂരമായി മർദ്ദിച്ചുമാണ് വാഹനത്തിലേക്ക് കയറ്റിയത്. ചിലരെ പൊലീസ് സംഘം ചേർന്ന് മർദ്ദിക്കുകയും വാനിലേക്ക് വലിച്ചെറിയുകയും ചെയ്തു.
ജില്ലയുടെ അതിർത്തി പങ്കിടുന്ന പാലമേൽ ഗ്രാമപഞ്ചായത്തിലെ മറ്റപ്പള്ളിയിലാണ് സ്വകാര്യ കരാറുകാർ ഭൂമിവാങ്ങി കുന്നുകളിടിച്ചു മണ്ണെടുക്കുന്നത്. ഇതിനെതിരെ മാസങ്ങളായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധം ശക്തമാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചമുമ്പ് പൊലീസ് സന്നാഹത്തോടെ മണ്ണെടുക്കാനെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞു.
മണ്ണെടുക്കാനുള്ള അനുമതിക്കെതിരെ ജനപ്രതിനിധികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച സാഹചര്യത്തിലാണ് വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ 1000 ഓളം പേരടങ്ങുന്ന പൊലീസ് സംഘവുമായി വീണ്ടും മണ്ണെടുപ്പിനെത്തിയത്. മണ്ണെടുപ്പ് തുടങ്ങിയ ശേഷം റോഡിന്റെ രണ്ടു വശങ്ങളും പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ചെങ്ങന്നൂർ, കായംകുളം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് കൊല്ലം - ആലപ്പുഴ - പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള പൊലീസുകാർ തമ്പടിച്ചത്.
സംയുക്ത സമര സമിതി നേതാക്കളായ എ. നൗഷാദ്, അനുശിവൻ, അഡ്വ.എം.ബൈജു, വൈ.ഷാജി, നൗഷാദ് എ. അസീസ്, ഷീജാ ലക്ഷ്മി, പ്രഭ വി.മറ്റപ്പള്ളി, എസ്.സജി, സി.പി.എം നേതാക്കളായ ആർ.ബിനു, പി.രാജൻ തുടങ്ങിയവർക്കാണ് മർദനമേറ്റത്. സ്ത്രീകളെ ബലമായി വലിച്ചിഴച്ചത് തടയാൻ ശ്രമിച്ച എം.എസ്. അരുൺകുമാർ എം.എൽ.എ ക്കും മർദ്ദനമേറ്റു.
സി.പി.എം ഏരിയ സെക്രട്ടറി ബി.ബിനു, മനോജ്.സി.ശേഖർ, എം. മുഹമ്മദാലി, ഉൺമ മോഹൻ, വേണു കാവേരി, ജസ്റ്റിൻ ജോർജ് തുടങ്ങിയവർ സമരക്കാരെ അഭിവാദ്യം ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം ജി. രാജമ്മ, കെ.സുമ, ആർ.സുജ, സുനി ആനന്ദൻ, അഡ്വ. ഗോപാലകൃഷ്ണപിള്ള, ആർ.ശശികുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തു. മാവേലിക്കര, ചെങ്ങന്നൂർ, വെൺമണി സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയിരുന്ന ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പൊലീസ് നടപടിക്കെതിരെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എന്നാൽ സമരത്തെ തുടർന്ന് മണ്ണ് ഖനനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.