പാലമേൽ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്; രാപ്പകൽ സമരവുമായി നാട്ടുകാർ
text_fieldsചാരുംമൂട്: സർവകക്ഷി യോഗ തീരുമാനം ലംഘിച്ച് പാലമേൽ മറ്റപ്പള്ളി മലയിൽനിന്ന് മണ്ണെടുത്തത് നാട്ടുകാർ തടഞ്ഞു. നടന്നത് കരാറുകാരന്റെ ധാർഷ്ട്യമാണെന്ന് ജനപ്രതിനിധികളും സമര സമിതിയും പ്രതികരിച്ചു. കഴിഞ്ഞ 16ന് മന്ത്രി പി. പ്രസാദ് വിളിച്ച സർവകക്ഷി യോഗത്തിൽ മണ്ണെടുപ്പ് നിർത്തിവെച്ച തീരുമാനമാണ് കരാറുകാരൻ ലംഘിച്ചത്.
വിഷയത്തിൽ ജില്ല കലക്ടറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതിന് മുമ്പാണ് തിങ്കളാഴ്ച പുലർച്ച മലയിടിച്ചുള്ള മണ്ണെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു തവണയും വൻ പൊലീസ് സന്നാഹത്തോടെയാണ് എത്തിയതെങ്കിൽ തിങ്കളാഴ്ച നൂറനാട് സ്റ്റേഷനിലെ ഏതാനും പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്.
ആദ്യ ലോഡ് മണ്ണ് പൊലീസ് അകമ്പടിയോടെ മലയിൽനിന്ന് പുറത്തേക്ക് എത്തിച്ചു. വിവരമറിഞ്ഞെത്തിയ ചുരുക്കം സമരസമിതി പ്രവർത്തകർ മണ്ണുമായി പുറപ്പെടാനൊരുങ്ങിയ മൂന്നു ലോറികൾ തടഞ്ഞു. ഇതിനകം അഞ്ച് ലോഡ് മണ്ണ് കൊണ്ടുപോയിരുന്നു. പഞ്ചായത്ത് അംഗം കെ.അജയഘോഷ് ലോറിക്കുമുന്നിൽ കുത്തിയിരുന്നു.
തൊട്ടുപിന്നാലെ സമരസമിതിയുടെ കൂടുതൽ പ്രവർത്തകർ പ്രകടനമായെത്തി മലയിലേക്കുളള റോഡ് ഉപരോധിച്ച് സമരം തുടങ്ങി. ഇതിനിടെ സമരത്തിൽ പങ്കെടുത്ത ചില സ്ത്രീകൾ ലോറിയിൽ കയറ്റിയ മണ്ണ് പുറത്തിറക്കണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടത് ബഹളത്തിന് കാരണമായി. പൊലീസും സമരസമിതിനേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.
നാട്ടുകാരൻ കൂടിയായ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ സമരക്കാർക്ക് പിന്തുണയുമായി എത്തി. കരാറുകാരന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കലക്ടുടെ നിർദേശ പ്രകാരമെത്തിയ മാവേലിക്കര തഹസീൽദാർ ദിലീപ് കുമാർ കരാറുകാരുമായി ഫോണിൽ ബന്ധപ്പെട്ട് മണ്ണെടുപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
സർവ കക്ഷിയോഗ ശേഷം സ്റ്റോപ്പ് മെമ്മോ ലഭിച്ചില്ലെന്നായിരുന്നു കരാറുകാരന്റെ വാദം. ഉച്ചയോടെ കൊടിക്കുന്നിൽ സുരേഷ് എം.പിയും എം.എസ് അരുൺ കുമാർ എം.എൽ.എയും സ്ഥലത്തെത്തി.
സമരക്കാർ തയാറാക്കിയ കഞ്ഞി കഴിച്ച ശേഷം എം.പി അഭിവാദ്യം ചെയ്തു. കരാറുകാരന്റെ നടപടി ധാർഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ണെടുക്കാനെത്തിയത് കരാറുകാരന്റെ ധാർഷ്ട്യമാണെന്ന് എം.എസ്.അരുൺ കുമാറും പറഞ്ഞു. വിഷയത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പന്തൽ കെട്ടി രാപ്പകൽ സമരം ആരംഭിച്ചിരിക്കുകയാണ് സമരസമിതി.
കെ.പി.സി സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ബി.ബിനു, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, പി.ഡി.പി ജില്ല പ്രസിഡന്റ് സിനോജ് താമരക്കുളം, സമരസമിതി ചെയർമാർ മനോജ് സി.ശേഖർ, കൺവീനർ എ.നൗഷാദ്, പ്രകാശൻ പള്ളിക്കൽ, പ്രഭ വി. മറ്റപ്പള്ളി, നൗഷാദ് എ.അസീസ്, രഘുനാഥ് എന്നിവർ സംസാരിച്ചു. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദടക്കമുള്ള ജനപ്രതിനിധികൾ സമരത്തിന് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.