പാലമേൽ മറ്റപ്പള്ളി മലയിൽനിന്ന് മണ്ണെടുക്കാൻ നീക്കം; പ്രതിരോധം തീർത്ത് ആയിരങ്ങൾ
text_fieldsചാരുംമൂട്: കോടതി ഉത്തരവുമായി മലയിടിച്ച് മണ്ണെടുക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. പാലമേൽ ഗ്രാമപഞ്ചായത്ത് മറ്റപ്പള്ളി കാത്താടേത്ത് കോളനിക്ക് സമീപം മലയിടിച്ച് മണ്ണെടുക്കാനാണ് എത്തിയത്.
മലയിടിക്കുന്നതിനെതിരെ ഗ്രാമപഞ്ചായത്തിന്റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി സമരങ്ങൾ നടക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത മനുഷ്യച്ചങ്ങലയും പ്രതിഷേധമാർച്ചും പൊതുയോഗവും നടത്തിയിരുന്നു.
ഗ്രാമപഞ്ചായത്ത് അടക്കം കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കാൻ ഹൈകോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സന്നാഹവും യന്ത്രങ്ങളുമായി മണ്ണെടുക്കാൻ നീക്കം നടന്നത്.
പഞ്ചായത്തിലെ മറ്റപ്പള്ളി, ഞവരക്കുന്ന്, പുലിക്കുന്ന്, കഞ്ചുകോട് വാർഡുകളിൽ മലയിടിച്ച് മണ്ണെടുക്കാനാണ് നീക്കം. ഭൂചലനം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ എന്നിവ മൂലം മരണവും നാശനഷ്ടങ്ങളുമുണ്ടായ പരിസ്ഥിതിലോല പ്രദേശമാണ് പാലമേൽ പഞ്ചായത്തിലെ മലകൾ.
ഇവിടെ മണ്ണ് ഖനനം നടത്തുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് സെസിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പുണ്ടായ ഭൂചലനത്തിൽ പഞ്ചായത്തിലെ 200ഓളം വീടുകൾക്ക് വിള്ളലുണ്ടായി. രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകുന്ന പ്രദേശം കൂടിയാണ് ഇവിടം. മണ്ണ് ലോബി എത്തുന്ന വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതൽ സ്ത്രീകളടക്കം ആയിരക്കണക്കിനുപേർ സ്ഥലത്ത് എത്തിച്ചേർന്നു. കുന്നിനുതാഴെയായുള്ള റോഡിൽ കുത്തിയിരുന്നു. ഒമ്പതിന് വിവിധ സ്റ്റേഷനുകളിൽ നിന്നും ക്യാമ്പുകളിൽ നിന്നും വനിത പൊലീസടക്കം 500 ലധികം പൊലീസുകാരും സ്ഥലത്ത് ക്യാമ്പുചെയ്തതോടെ സംഘർഷ സാധ്യതയേറി. ഡിവൈ.എസ്.പിമാരായ ജി. അജയനാഥ്, എം.കെ. ബിനുകുമാർ, നൂറനാട് എസ്.എച്ച്.ഒ പി. ശ്രീജിത്, തഹസിൽദാർ ഡി.സി. ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടന്നെങ്കിലും പിന്മാറില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഉച്ചക്ക് ഒന്നിന് പൊലീസ് സഹായത്തിൽ ഹിറ്റാച്ചി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും സമരക്കാർ പ്രതിരോധം തീർത്തു. ഇതിനിടെ എം.എസ്. അരുൺകുമാർ എം.എൽ.എയും സ്ഥലത്തെത്തി.
എം.എൽ.എയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ പരിഗണിക്കുംവരെ തൽസ്ഥിതി തുടരാമെന്ന ധാരണയിലാണ് പൊലീസും സമരക്കാരും പിരിഞ്ഞത്.
സമരസ്ഥലത്ത് തയാറാക്കിയ കഞ്ഞിയും കഴിച്ചാണ് സമരക്കാർ മടങ്ങിയത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, വൈസ് പ്രസിഡന്റ് നദീറ നൗഷാദ്, സ്ഥിരംസമിതി അധ്യക്ഷൻ കെ. അജയഘോഷ്, കെ.സുമ, ആർ. സുജ, വേണു കാവേരി, ജസ്റ്റിൻ ജോർജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. നൗഷാദ്, സജി. പാലമേൽ , മനോജ്. സി.ശേഖർ, എം. മുഹമ്മദാലി, ആർ.ശശികുമാർ, അജയകുമാർ, പ്രഭ. വി. മറ്റപ്പള്ളി, നൗഷാദ് എ. അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.