പാലപ്പത്തിെൻറ പര്യായം; പാക്കുമോെൻറ കട
text_fieldsചാരുംമൂട്: പാക്കുമോെൻറ കടയെന്നാൽ പാലപ്പമെന്നാണ്. പാലമേൽ ആദിക്കാട്ടുകുളങ്ങര മാമ്പള്ളിയിൽ ഷെയ്ക് മൈദീനും ഭാര്യ ലൈലയും ചേർന്ന് നടത്തുന്ന ചായക്കടയാണ് പാലപ്പത്തിെൻറ അപൂർവതയിൽ ശ്രദ്ധേയമാകുന്നത്. 40 വർഷത്തിലധികമായി പാതിരാത്രി മുതൽ നേരം പുലരുംവരെ ചൂടുള്ള രുചികരമായ പാലപ്പം വിൽക്കുന്ന ഏക വേറിട്ട അപ്പക്കടയാണ് പാക്കുമോെൻറ കട.
കായംകുളം-പുനലൂർ റോഡിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ജങ്ഷന് സമീപമാണ് വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഷെയ്ക് മൈദീെൻറ കട. പ്രത്യേകിച്ച് പേരും ബോർഡും പരസ്യങ്ങളുമില്ല. നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത് പാക്കുമോെൻറ കടയെന്നാണ്. പാക്കുമോൻ എന്ന പേര് എങ്ങനെ ലഭിച്ചതെന്ന് ഷെയ്ക് മൈദീന് അറിയില്ല. എങ്കിലും ഈ പേര് നാട്ടുകൾ സ്നേഹത്തോടെ വിളിക്കുന്നത് ഏറെ ഇഷ്ടവുമാണ്. രാത്രി 12 മുതൽ രാവിലെ ഏഴുവരെയാണ് കടയുടെ പ്രവർത്തനം.
പാലപ്പവും മുട്ടക്കറിയും ചമ്മന്തിയും പപ്പടവുമാണ് ചൂടൻ വിഭവം. തുച്ഛമായ പണം നൽകിയാൽ വയറുനിറയെ കഴിച്ചിറങ്ങാം. വിറകടുപ്പിലാണ് പാചകം. പറഞ്ഞുകേട്ട് വളരെ ദൂരെ നിന്നുപോലും പാലപ്പത്തിെൻറ രുചിതേടി നിരവധി പേരാണ് ഇവിടെ എത്തുന്നത്. കഴിച്ചശേഷം പാർസലും വാങ്ങിയാണ് തിരികെ പോകുന്നത്. ഒരിക്കൽ ഇവിടെ എത്തിയവർ വീണ്ടും എത്തും. പലപ്പോഴും സാധനങ്ങൾ തീരുന്നതിനാൽ പുലർച്ച അഞ്ചിന് എത്തുന്നവർ നിരാശരായാണ് മടങ്ങുന്നത്. രാത്രി പട്രോളിങ് ജോലിക്ക് എത്തുന്ന വിവിധ സ്റ്റേഷനിലെ പൊലീസുകാരടക്കം ഇവിടുത്തെ സ്ഥിരം കസ്റ്റമേഴ്സാണെന്നും മൈദീൻ പറയുന്നു.
ഉമ്മ പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ചായക്കടയിലൂടെയാണ് പാക്കുമോൻ എന്ന ഷെയ്ക് മൈദീെൻറ ജീവിതവും കരുപ്പിടിച്ചത്. പിന്നീട് ഭാര്യ ലൈലക്കൊപ്പം മൈദീൻ കട പൂർണമായി ഏറ്റെടുത്തതോടെ ചായക്കും അപ്പത്തിനൊപ്പം പപ്പടവും സ്ഥാനം പിടിച്ചു. കാലാന്തരത്തിൽ പാലപ്പത്തിെൻറ രുചിപ്പെരുമകൊണ്ട് ശ്രദ്ധേയമാകുകയായിരുന്നു. വയസ്സ് 68 ആയെങ്കിലും പാക്കുമോൻ ഇപ്പോഴും ഉഷാറാണ്. മൂന്ന് മക്കളെ ഈ കടയിൽനിന്ന് കിട്ടിയ വരുമാനത്താലാണ് ജീവിതം കരക്കടുപ്പിച്ചത്. അവർ വിദ്യാഭ്യാസം കഴിഞ്ഞ് വിവിധ വഴികളിൽ ജീവിതം തേടിപ്പോയെങ്കിലും ഇന്നും കടയിലെ വരുമാനമാണ് ഇവരുടെ ജീവിതമെന്ന് പാക്കുമോൻ പറയുന്നു. കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിൽ ഒരു മാസം മാത്രമാണ് കട അടച്ചിട്ടതെന്ന് പാക്കുമോൻ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.