കണ്ണീർകാലം കടന്ന് പൗർണമിയും കുടുംബവും പ്രതീക്ഷയുടെ കൂട്ടിലേക്ക്
text_fieldsചാരുംമൂട്: താമരക്കുളം വി. വി. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ പൗർണമിക്കും പാർവതിക്കും പവിത്രക്കും ഇനി ആശ്വസിക്കാം. അവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് ചിറകുകൾ മുളക്കുകയാണ്. വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞ കുടുംബത്തിന് ആശ്രയമായത് വള്ളികുന്നം ഇലിപ്പക്കുളം സ്വദേശി പി. വേലായുധൻ നായരാണ്.
കോവിഡ് കാലത്തിൻറ ആദ്യ ഘട്ടത്തിലാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ കെട്ടുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന പൗർണമിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീടില്ലെന്ന വാർത്ത പുറം ലോകമറിയുന്നത്. 40 വർഷമായി തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് കൂടിയേറിയ കുടുംബമാണ് ഇവരുടേത്. ഇവരുടെ രോഗികളായ പിതാവ് ചെല്ലയ്യയും മാതാവ് അന്നാ ലക്ഷ്മിയും കൂലിവേല എടുത്താണ് വാടക വീടുകളിൽ മാറി മാറി താമസിച്ചത്. കഴിഞ്ഞ കോവിഡ് കാലത്ത് കുട്ടികളുടെ വീട് സന്ദർശന വേളയിൽ സ്കൂളിലെ അധ്യാപകൻ സുഗതനും പി.ടി.എ പ്രസിഡൻറ് എം.എസ്. സലാമത്തും കൂടിയാണ് ഇവരുടെ ദയനീയ സ്ഥിതി പുറംലോകത്തെ അറിയിച്ചത്. തുടർന്നാണ് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ തഴക്കര ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വാടക വീട്ടിലേക്ക് മാറ്റിയത്.
ദയനീയാവസ്ഥ ബോധ്യപ്പെട്ട വള്ളികുന്നം ഇലിപ്പക്കുളം വൈശാഖത്തിൽ പി.വേലായുധൻ നായർ നൂറനാട് പഞ്ചായത്തിൽ നാലു സെൻറ് സൗജന്യമായി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹം മുമ്പും നാലു കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി കൊടുത്തിരുന്നു.
താമരക്കുളം വി.വി.എച്ച്. എസ്.എസിൽ നടന്ന ഭൂമി ദാന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. എസ്. സലാമത്ത് അധ്യക്ഷത വഹിച്ചു.
വേലായുധൻ നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ മാനേജർ പി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറുമാരായ ജി. വേണു, കെ.ആർ. അനിൽകുമാർ, ഷീബ സതീഷ്, ബി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് തോമസ് നൈനാൻ, പഞ്ചായത്ത് അംഗങ്ങളായ അനിത തോമസ്, രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ജിജി.എച്ച്. നായർ, ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, എ.എൻ. ശിവപ്രസാദ്, വിശ്രുതൻ ആചാരി, സി.എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.