പുസ്തകങ്ങളെയും കൃഷിയെയും സ്നേഹിച്ച് പ്രസാദ്
text_fieldsചാരുംമൂട്: പരന്ന വായനയിലൂടെ ലോകത്തെ അറിഞ്ഞും കൃഷിയെയും പുസ്തകങ്ങളെയും സ്നേഹിച്ചുമാണ് പ്രസാദിന്റെ ജീവിതം. ഇംഗ്ലീഷിലും പൊളിറ്റിക്സിലും ബിരുദാനന്തര ബിരുദം നേടിയിട്ടും തേടിയെത്തിയ സർക്കാർ ജോലികൾ ഉപേക്ഷിച്ച് കർഷകനായ താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരീൽ തയ്യിൽ കിഴക്കതിൽ പ്രസാദിൻന്റെ (69) ജീവിതം കൃഷിക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ്. പൊളിറ്റിക്സിൽ ഏഴാം റാങ്ക് നേടിയിട്ടും കൃഷിയാണ് തന്റെ സ്വപ്നമെന്ന് പ്രസാദ് കരുതുന്നു. ഇതുകൊണ്ടാണ് അഞ്ച് വർഷം ഗൾഫിൽ ജോലി ചെയ്തെങ്കിലും തന്റെ മേഖല കൃഷിയാണെന്ന തിരിച്ചറിവിൽ തിരികെ നാട്ടിലേക്ക് പോന്നത്.
വീടിനോട് ചേർന്നുള്ള 50 സെന്റ് ഭൂമിയിൽ നാടനും അത്യുൽപാദന ശേഷിയുള്ളതുമായ നൂറിലധികം ഇനങ്ങളിലുള്ള പച്ചക്കറിത്തൈകളാണ് ഉൽപാദിപ്പിക്കുന്നത്. കുക്കുമ്പർ, പടവലം, പാവൽ, വെണ്ട, ചുരക്ക, വാഴ, ചീര ചേമ്പ്, വള്ളിച്ചീര, അഗത്തി ചീര, റെഡ് ലേഡി പപ്പായ, വിവിധ ഇനം മുളകിനങ്ങളും പഴവർഗങ്ങളുടെ നിരവധി ഇനങ്ങളും, ഔഷധസസ്യങ്ങളും പ്രസാദിന്റെ തോട്ടത്തിൽ സമൃദ്ധം. അഗ്രോ ആർക് എന്ന് പേരിട്ടിരിക്കുന്ന ഇവിടെ നിരവധി പേരാണ് തങ്ങളുടെ ഇഷ്ടപ്പെട്ട പച്ചക്കറിത്തൈകളും മറ്റും വാങ്ങാൻ ദിനംപ്രതി എത്തുന്നത്. സർക്കാർ പദ്ധതികൾക്ക് ഉൾപ്പെടെ ആവശ്യമായ തൈകൾ തേടി ആളുകൾ എത്തുന്നുമുണ്ട്. സംസ്ഥാന ജില്ലതലത്തിൽ കർഷക അവാർഡുകൾ നേടിയവരും ഇദ്ദേഹത്തിന്റെ നിർദേശം സ്വീകരിച്ചിട്ടുണ്ട്. കോവിഡിന് ശേഷമാണ് വിത്തുകളും തൈകളും ഉൽപാദിപ്പിച്ച് വിൽപനയിലേക്ക് തിരിഞ്ഞത്. താമരക്കുളം പഞ്ചായത്തിൽ 12 സ്ഥലങ്ങളിലാണ് പ്രസാദിന്റെ നേതൃത്വത്തിൽ ചന്ദനത്തോട്ടം നിർമിച്ചത്.
കൺസ്ട്രക്ഷൻ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള പ്രസാദ് കൃഷിയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ ക്ലാസ് എടുക്കുന്നതിനും സമയം കണ്ടെത്തുന്നു. കർഷകന് എല്ലാം പ്രോത്സാഹനങ്ങളും നൽകി ഒപ്പം കൂടുന്ന ഇദ്ദേഹത്തിന് കൃഷി സംബന്ധിയായ ഒട്ടുമിക്ക പുസ്തകങ്ങളും മനഃപാഠമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ ഹൈടെക് ഫാമിന്റെ നടത്തിപ്പുകാരനായിരുന്ന പ്രസാദ് ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ സ്വന്തം കച്ചവട സ്ഥാപനം വഴിയാണ് വിറ്റഴിക്കുന്നത്.
കൃഷിയെ സ്നേഹിക്കുന്നതിനോപ്പം നല്ലൊരു വായനക്കാരൻ കൂടിയായ പ്രസാദിന്റെ പുസ്തക ശേഖരത്തിൽ വിശ്വസാഹിത്യ കൃതികളുൾപ്പെടെ നിരവധി പുസ്തകങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. സാഹിത്യ കൃതികൾക്കും കാർഷിക ഗ്രന്ഥങ്ങൾക്കും വെവ്വേറെ ഇരിപ്പടവും ഒരുക്കിയാണ് പുസ്തകങ്ങളെ സംരക്ഷിക്കുന്നത്. 1952ലെ മേനി സമരത്തിൽ പങ്കെടുത്ത് ക്രൂരമായ പൊലീസ് മർദനമേറ്റ എൻ. വാസുദേവന്റെ മകൾ പ്രസന്നയാണ് പ്രസാദിന്റെ ഭാര്യ. നോർവേയിൽ സയന്റിസ്റ്റായ പ്രവ്ദ, ബി.ടെക് ബിരുദധാരി പ്രീന എന്നിവർ മക്കളാണ്. അഖിലേഷാണ് മരുമകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.