'പുലിയെ' കണ്ടെന്ന അഭ്യൂഹം നാട്ടുകാരിൽ ഭീതി പരത്തി
text_fieldsചാരുംമൂട്: ആദിക്കാട്ടുകുളങ്ങര അമ്മൻകോവിൽ ഭാഗത്ത് പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രദേശവാസികളിൽ ഭീതി പരത്തി. ചൊവ്വാഴ്ച രാത്രി പുലിയുടെ രൂപസാദൃശ്യമുള്ള ജീവി ഓടി മറയുന്നതു കണ്ടതായി ചില വീട്ടുകാർ പറഞ്ഞതോടെയാണ് നാട്ടിൽ ഭീതി പരന്നത്. വീടിനു സമീപം ശബ്ദം കേട്ട് നോക്കാനെത്തിയപ്പോള്‍ പുലിയോട് സാമ്യമുള്ള മഞ്ഞയും കറുപ്പും നിറത്തിലുള്ള ജീവി ഓടി പോകുന്നതാണ് കണ്ടത്. ജീവിയെ കണ്ടതോടെ പുലിയാണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാർ ബഹളം വെക്കുകയായിരുന്നു.
ഭീതിയിലായ വീട്ടുകാരും അയല്‍വാസികളും നാട്ടുകാരും പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ പുലിയുടേതെന്നു തോന്നുന്ന കൽപ്പാടുകൾ കണ്ടതായും വാർത്ത പരന്നു. പഞ്ചായത്ത് അംഗം ഐഷാബീവി റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതോടെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേന സ്ഥലത്തു വന്ന് പരിശോധ നടത്തി.കിഴക്കേവിള ഹനീഫയുടെ വീട്ടിലടക്കം കണ്ട കാൽപ്പാടുകൾ പരിശോധിച്ച സംഘം പുലിയുടെ രൂപസാദൃശ്യമുള്ള കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണിതെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രദേശവാസികളിൽ ഭീതി അകന്നത്. ഇനി കാട്ടുപൂച്ചയുടെ ശല്യമുണ്ടായാൽ ഇവയെ കെണി വെച്ചു പിടി കൂടുമെന്ന് അറിയിച്ചാണ് വനപാലക സംഘം മടങ്ങിയത്.പരിശോധനയിൽ ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ കെ. ആർ. ദിലീപ് കുമാർ, യേശുദാസൻ, രാജേഷ് ,രജനീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.