13കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsചാരുംമൂട്: സ്കൂൾ വിട്ടുവരുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടറിൽ എത്തി നഗ്നത പ്രദർശിപ്പിക്കുകയും ബലമായി പിടിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ ക്രിമിനലായ യുവാവ് പിടിയിൽ. കായംകുളം ഭരണിക്കാവ് വില്ലേജിൽ പള്ളിക്കൽ നടുവിലേമുറിയിൽ കൊടുവരയ്യത്ത് തെക്കതിൽ ലക്ഷംവീട് കോളനിയിൽ പ്രവീണിനെയാണ് (31) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങളായ മഞ്ജു, ഷാലി എന്നിവരാണ് പെൺകുട്ടിയെ രക്ഷിച്ചത്.
ജില്ല പൊലീസ് മേധാവി, ചെങ്ങന്നൂർ ഡിവൈ.എസ്.പി എന്നിവരുടെ നിർദേശപ്രകാരം നൂറനാട് സി.ഐ എസ്. ശ്രീകുമാർ, എസ്.ഐ എസ്. നിതീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ എട്ടിന് വൈകീട്ട് നാലോടെ നൂറനാടിന് സമീപം റോഡിൽ 13കാരിയായ വിദ്യാർഥിനിയെ കടന്നുപിടിക്കാൻ പ്രതി ശ്രമിച്ചത്. ഈ സമയം ഹരിതകർമ സേന അംഗങ്ങളായ മഞ്ജു സ്കൂട്ടറിലും ഷാലി ഓട്ടോയിലും ഇതുവഴി വന്നു. ഇവരെ കണ്ടതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചു. ഇവർ വാഹനം നിർത്തി അടുത്തെത്തിയ ശേഷം കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.
സ്കൂട്ടർ ഓടിച്ചു കടന്നുകളയാൻ ശ്രമിച്ച യുവാവിനെ ഇവർ പിന്തുടർന്നു. പറയംകുളം ജങ്ഷനിൽ വെച്ച് മഞ്ജു പിടിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും പ്രതി സ്കൂട്ടർ ഓടിച്ചുപോയി. ഓട്ടോറിക്ഷയിൽ ഷാലി ഇയാളെ പിന്തുടർന്നു. പടനിലം ജങ്ഷനിലെത്തിയപ്പോൾ ബാറ്ററി ചാർജ് തീർന്നതിനാൽ ഓട്ടോറിക്ഷ നിന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മഞ്ജുവും ഷാലിയും നൽകിയ സൂചനകളെ തുടർന്നായിരുന്നു പൊലീസിന്റെ അന്വേഷണം.
125ഓളം വീടുകളിലെ സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽനിന്നും ലഭിച്ച സ്കൂട്ടറിന്റെ നമ്പർ വ്യാജമായിരുന്നു. ചാലക്കുടിയിൽനിന്നും മോഷ്ടിച്ച വാഹനമായിരുന്നു ഇത്. ഒരു കടയിൽനിന്നും പെട്രോൾ പമ്പിൽനിന്നും ലഭിച്ച ദൃശ്യങ്ങൾ പ്രതിയെ തിരിച്ചറിയാൻ സഹായകമായി.
അമ്പലപ്പുഴ സ്റ്റേഷനിലെ മോഷണക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച ശേഷം മൂന്നുമാസം മുമ്പാണ് ജയിലിൽനിന്ന് ഇറങ്ങിയത്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എസ്. നിതീഷ്, എസ്.സി.പി.ഒമാരായ എസ്. ശരത്, ആർ. രജീഷ്, കെ. കലേഷ്, മനു പ്രസന്നൻ, പി. മനുകുമാർ, വി. ജയേഷ്, ബി. ഷമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പെൺകരുത്തിൽ വിദ്യാർഥിനി രക്ഷപ്പെട്ടത് കൊടുംക്രിമിനലിൽനിന്ന്
ഹരിതകർമ സേനയിലെ മഞ്ജുവിനും ഷാലിക്കും അഭിനന്ദനപ്രവാഹം
ചാരുംമൂട്: വിദ്യാർഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽനിന്ന് കുട്ടിയെ രക്ഷിച്ച ഹരിതകർമ സേന അംഗങ്ങളെ അഭിനന്ദിച്ചു. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈസമയം ഇതുവഴി എത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ ഇയാളിൽനിന്നും രക്ഷിക്കാനായത്. കുട്ടിയുടെ നിലവിളികേട്ടാണ് ഇരുവരും അടുത്തേക്ക് എത്തുന്നതും കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതും.
കൊടുംക്രിമിനലാണ് പ്രതിയെന്നറിഞ്ഞിട്ടും ഇരുവരും തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഇതിനിടെ ഇരുചക്രവാഹനത്തിൽ കന്നുകളയാൻ ശ്രമിച്ച പ്രതിയെ ഇരുവരും പിന്തുടർന്നു. ഇവരുടെ ഇടപെടലാണ് പെൺകുട്ടിയെ രക്ഷിക്കാനായതും പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതും. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്.
ഇരുവരെയും നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, വൈസ് പ്രസിഡന്റ് ജി. അജികുമാർ, സ്ഥിരംസമിതി അധ്യക്ഷ ഗീത അപ്പുക്കുട്ടൻ, പഞ്ചായത്ത് അംഗം ശിവപ്രസാദ് എന്നിവർ അഭിനന്ദിച്ചു. നൂറനാട് സി.ഐ എസ്. ശ്രീകുമാർ, എസ്.ഐ എസ്. നിതീഷ് എന്നിവരും ഹരിതകർമ സേന അംഗങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.