പടനിലം പരബ്രഹ്മ ക്ഷേത്രം; ശിവരാത്രി കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി
text_fieldsചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളുടെ അകമ്പമ്പടിയോടെയാണ് അംബര ചുംബികളായ നന്ദികേശൻമാരെ ക്ഷേത്രത്തിലെത്തിച്ചത്. കെട്ടുകാഴ്ച കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട പാലമേൽ, ഇടപ്പോൺ, മുതുകാട്ടുകര, നടുവിലേമുറി, തത്തംമുന്ന, നെടുകുളഞ്ഞിമുറി, ഉളവുക്കാട്, കിടങ്ങയം, പഴഞ്ഞിയൂർക്കോണം, പുലിമേൽ, ഇടക്കുന്നം, പാറ്റൂർ, പുതുപ്പള്ളികുന്നം, എരുമക്കുഴി, കുടശ്ശനാട്, പള്ളിക്കൽ-പയ്യനല്ലൂർ കരളിൽനിന്ന് കെട്ടുകാഴ്ചകളായ ജോടിക്കാളകളെ കെട്ടിയൊരുക്കുന്നത്.
ഉച്ചക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരക്കാർ ഒന്നിച്ച് ക്ഷേത്രാങ്കണത്തിലെത്തിച്ച് കെട്ടുകാഴ്ചകളെ കളിപ്പിച്ചു. രാത്രി ഒമ്പതിന് കരകൾക്കുള്ള ഗ്രാൻറ് വിതരണം ചെയ്തു. ശനിയാഴ്ച കെട്ടുകാഴ്ച ദർശനം ഒരുക്കിയിട്ടുണ്ട്. രാത്രി ഏഴിന് ചികിത്സ സഹായവിതരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പി.എൻ. അശോകൻ നായർ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. രാത്രി എട്ടിന് നാടൻപാട്ടും നടക്കും. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പി. അശോകൻ നായർ, സെക്രട്ടറി ജി. ഗോപൻ, ട്രഷറർ മധു പനയ്ക്കൽ, വൈസ് പ്രസിഡൻറ് എസ്. സുകു, ജോയൻറ് സെക്രട്ടറി സി. വേണുഗോപാലക്കുറുപ്പ്, ഉത്സവ കമ്മിറ്റി കൺവീനർ പി.ബി. ഉത്തമൻ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.
ആലപ്പുഴ: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷിച്ചു. നൂറനാട് പടനിലം ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിവിധ കരകളിൽനിന്നുള്ള കെട്ടുകാഴ്ചകൾ വൈകീട്ടോടെ പടനിലത്തെ പരബ്രഹ്മ സന്നിധിയിലെത്തി. മാവേലിക്കര മറ്റം മഹാദേവ ക്ഷേത്രം, തൃക്കണ്ടിയൂർ, മാന്നാർ, അമ്പലപ്പുഴ ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രം, കളര്‍കോട് മഹാദേവക്ഷേത്രം, നീര്‍ക്കുന്നം ഘണ്ഡാകര്ണക്ഷേത്രം, പല്ലന മഹാദേവക്ഷേത്രം, തോണ്ടൻകുളങ്ങര, കലവൂർ, കവറാട്ട് മഹാദേവ ക്ഷേത്രം, മംഗലം ജ്ഞാനേശ്വരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.