ചാരുംമൂട്ടിൽ കട കത്തിനശിച്ചു; നാലു ലക്ഷം രൂപ നഷ്ടം
text_fieldsചാരുംമൂട്: കൊല്ലം-തേനി ദേശീയപാതയിൽ ചാരുംമൂട് ടൗണിന് വടക്ക് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടക്ക് തീപിടിച്ചു. ജമീല മൻസിലിൽ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള നാരങ്ങാവെള്ളം വിൽപനയിലൂടെ ശ്രദ്ധിക്കപ്പെട്ട കടയിലാണ് തീപിടുത്തമുണ്ടായത്.
കടയിലെ സാധനങ്ങളും ഫർണിച്ചറും ഫ്രിഡ്ജും കത്തിനശിച്ചു. തീപിടുത്തത്തിനു കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലർച്ച നാലരയോടെയാണ് സംഭവം.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് കടയോട് ചേർന്ന് താമസിക്കുന്ന വീട്ടുകാരെ വിവരമറിയിച്ചത്. തൊട്ടടുത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുൾപ്പെടെ ചേർന്ന് തീ ഭാഗികമായി നിയന്ത്രിച്ചെങ്കിലും കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിരക്ഷ സേനയാണ് തീ പൂർണമായി അണച്ചത്. നൂറനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. നാലു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജില്ല സെക്രട്ടറി ജി. മണിക്കുട്ടൻ, യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, വൈസ് പ്രസിഡന്റ് മണിക്കൂട്ടൻ ഇഷോപ്പി തുടങ്ങിയവർ സ്ഥലത്തെത്തി നൗഷാദിന് അടിയന്തര സഹായങ്ങൾ നൽകി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിരന്തരമായി തീ പിടിത്തമുണ്ടാവുന്ന സാഹചര്യത്തിൽ ചാരുംമൂട് കേന്ദ്രമായി അഗ്നിരക്ഷ യൂനിറ്റ് സ്ഥാപിക്കണമെന്ന് രാജു അപ്സര ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.