വേനൽ കനത്തു; കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsചാരുംമൂട്: വേനൽ കനത്തതോടെ ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പരിധിയിൽ വരുന്ന നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായത്. ഈ പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കേണ്ട ഇടപ്പോൺ പമ്പ്ഹൗസിന്റെ കിണറ്റിൽ ആവശ്യത്തിന് വെള്ളം ഇല്ലാത്തതാണ് കാരണം.
പുതിയ കിണറിനും പമ്പ്ഹൗസിനും മോട്ടോറിനും അനുബന്ധ കാര്യങ്ങൾക്കുമായി നാലരക്കോടി അനുവദിച്ചിരുന്നു. എം.എസ്. അരുൺകുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. എന്നാൽ, നിരവധി തവണ ടെൻഡർ നടത്തിയെങ്കിലും പണി ഏറ്റെടുക്കാൻ കരാറുകാർ എത്താത്തതാണ് നിർമാണം തുടങ്ങാത്തതിന് കാരണം. കിണറിനും പമ്പ്ഹൗസിനുമായി 15 സെന്റ് സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയിരുന്നു. 2024 ഡിസംബറിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
40വർഷത്തോളം പഴക്കമുള്ള ഇടപ്പോൺ അച്ചൻകോവിലാറ്റിലെ പമ്പ്ഹൗസിൽ 135 കുതിരശക്തിയുള്ള രണ്ട് മോട്ടോറാണുള്ളത്. പാറ്റൂർ മലയിലാണ് ആദ്യത്തെ 2.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും ജലശുദ്ധീകരണ പ്ലാന്റുമുള്ളത്. ആറുലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ജലസംഭരണി ഇതിനോട് ചേർന്ന് പണിതിട്ടുണ്ട്.
ഇതുകൂടാതെ 4.50 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നൂറനാട് തത്തംമുന്നയിലും 8.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി പാലമേൽ മറ്റപ്പള്ളിയിലും 4.25 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി താമരക്കുളം പച്ചക്കാട്ടുമുണ്ട്. ഈ ജലസംഭരണികളിലേക്കെല്ലാം വെള്ളം പമ്പ് ചെയ്യേണ്ടത് ഇടപ്പോണിലെ പമ്പ്ഹൗസിൽനിന്നാണ്.
ജൽജീവൻമിഷൻ പദ്ധതിയിൽ നൽകിയ കണക്ഷനും ഉൾപ്പെടെ അമ്പതിനായിരത്തോളം ഗാർഹിക കണക്ഷനുകളാണ് ഈ നാലു പഞ്ചായത്തുകളിലായുള്ളത്. ഇത്രയും വീടുകളിലേക്കുള്ള വെള്ളം അച്ചൻകോവിലാറ്റിലെ കിണറ്റിൽനിന്ന് കിട്ടുന്നില്ല. മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ പൈപ്പ് വെള്ളം കിട്ടാതായിട്ട് ദിവസങ്ങളായി. വേനലിന്റെ തുടക്കത്തിൽ തന്നെ ഈഭാഗങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു.
മേഖലയിലെ ചെറുകിട കുടിവെള്ള പദ്ധതികളിൽ പലതും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കുടിവെള്ളക്ഷാമം ഉണ്ടാകുമ്പോൾ പഞ്ചായത്തുകൾ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചിരുന്നു. ഇതിനും കഴിഞ്ഞ ദിവസമാണ് തീരുമാനമായത്.
എം.എസ്. അരുൺകുമാറിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ഞായറാഴ്ച മുതൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ, ചില മേഖലകളിൽ ഇങ്ങനെ വെള്ളമെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. പാറ്റൂർ കുടിവെള്ള പദ്ധതിയിൽ പുതിയ കിണറും പമ്പ്ഹൗസും പ്രവർത്തനം തുടങ്ങിയാൽ മാത്രമേ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.