വേനൽ മഴയും കനാൽവെള്ളവും; ചാരുംമൂട് മേഖലയിൽ 2.45 കോടിയുടെ കൃഷിനാശം
text_fieldsചാരുംമൂട്: വേനൽ മഴയിലും കനാൽവെള്ളത്തിലും ഓണാട്ടുകരയുടെ നെല്ലറയായ കരിങ്ങാലി-പെരുവേലിച്ചാൽ പുഞ്ചകളിൽ കൃഷിചെയ്തവർക്ക് വൻ നഷ്ടം. ചാരുംമൂട് മേഖലയിൽ മാത്രം 302 ഹെക്ടർ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്.
പാലമേൽ, വള്ളികുന്നം, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലായി 260 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിലൂടെ ഏതാണ്ട് രണ്ടുകോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്. 45 ഹെക്ടറിലെ കരകൃഷിയും നശിച്ചതായാണ് കണക്ക്. 47 ലക്ഷം ഈ ഇനത്തിലും നഷ്ടമുണ്ട്. പാലമേൽ പഞ്ചായത്തിലെ മൂന്നു പാടശേഖരങ്ങളിലായി കൃഷിയിറക്കിയ 136 ഹെക്ടറിൽ 95 ഹെക്ടർ പൂർണമായും നശിച്ചു.
ചുനക്കര പുഞ്ചയിലെ 27 ഹെക്ടറിലെ കൃഷിയും വള്ളികുന്നം പുഞ്ചയിലെ 20 ഹെക്ടറും വീണ്ടെടുക്കാൻ പറ്റാത്ത തരത്തിൽ നശിച്ചു. നൂറനാട്ടെ ഏതാണ്ട് 10 പാടശേഖരങ്ങളിലായി 310 ഹെക്ടറിലെ നെൽച്ചെടികളാണ് വെള്ളത്തിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് കൊയ്ത് മാറ്റുന്ന തിരക്കിലാണ് കർഷകർ. എന്നാൽ, 2.45 കോടി രൂപ നഷ്ടപരിഹാരമായി ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാനാകൂ എന്നാണ് കർഷകർ പറയുന്നത്. പലരും പലിശക്കു പണംവാങ്ങിയാണ് കൃഷിയിറക്കിയത്.
നിശ്ചിത സമയത്തിനുള്ളിൽ പണം മടക്കിനൽകിയില്ലെങ്കിൽ കർഷകർ കടക്കെണിയിലാകും. സ്വാമിനാഥൻ കമീഷൻ പെരുവേലിച്ചാൽ പുഞ്ചയുടെ സംരക്ഷണത്തിന് അനുവദിച്ച 33 കോടി വിനിയോഗിക്കാതെ പാഴാക്കിയതായും കർഷകർ കുറ്റപ്പെടുത്തുന്നു. മോട്ടോർതറകൾ ഉയർത്തിപ്പണിയണമെന്നും വെട്ടിയാർ ചീപ്പിലെ കാലഹരണപ്പെട്ട ഷട്ടറുകൾ മാറ്റിസ്ഥാപിക്കണമെന്നുമുള്ള കർഷകരുടെ വർഷങ്ങളായുള്ള ആവശ്യത്തിനും പരിഹാരമായില്ല.
കൃഷിക്ക് ആവശ്യമായ സാധനങ്ങൾ പാടശേഖരകളിൽ എത്തിക്കാനുള്ള സൗകര്യംപോലും അധികാരികൾ ഇതുവരെ ചെയ്തില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.