ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
text_fieldsചാരുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജു- ലതിക ദമ്പതികളുടെ മകൻ രാഹുൽ (14) ആണ് അച്ചൻകോവിലാറിൽ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ചത്.
വെള്ളിയാഴ്ച മൂന്ന് മണിയോടെ അമ്മയുടെ വീടിന് സമീപമുള്ള കുന്നേൽ ക്ലാത്തറ കടവിലാണ് അപകടം. രാഹുലും കൂട്ടുകാരും ഇവിടത്തെ കുളിക്കടവിൽ കുളിക്കാനെത്തിയതായിരുന്നു. രാഹുൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർ വിവരം അറിയിച്ചതോടെ സ്റ്റേഷൻ ഓഫീസർ ബി. വിനോദ് കുമാറിൻെറ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേന അംഗങ്ങളും നൂറനാട് പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്ത് എത്തിയ പത്തനംതിട്ട സ്കൂബാ ടീമംഗങ്ങളും മാവേലിക്കര നിന്നും എത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഐരാണിക്കുഴി പാലത്തിനു താഴെ തോട്ടിലെ ഷട്ടർ താഴ്ത്തിയാണു തിരച്ചിൽ നടത്തിയത്. പടനിലം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണു രാഹുൽ. അച്ഛൻ രാജു ഇടപ്പോൺ ജോസ്കോ ആശുപത്രി ജീവനക്കാരനാണ്. ബി.എസ്.സി നേഴ്സിങ് വിദ്യാർഥിനി രാധികയാണ് സഹോദരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.