ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികൾ ചാടുന്നു; സുരക്ഷയില്ല
text_fieldsചാരുംമൂട്: കരിമുളയ്ക്കലിലെ നൂറനാട് ചിൽഡ്രൻസ് ഹോമിൽനിന്ന് ആൺകുട്ടികൾ ചാടിപ്പോകുന്നത് പതിവാകുന്നു. ആവശ്യമായ സുരക്ഷയും തടയാനുള്ള മാർഗങ്ങളും ഒരുക്കുന്നതിൽ അധികൃതർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ മൂന്നു തവണയാണ് വിദ്യാർഥികൾ കടന്നുകളയാൻ ശ്രമിച്ചത്. ഏറ്റവും ഒടുവിൽ മൂന്നു വിദ്യാർഥികൾ ചാടിപ്പോയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ തിരികെയെത്തിച്ചു. ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളും ആറാം ക്ലാസ് വിദ്യാർഥിയുമാണ് സ്കൂളിൽ പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെ മതിൽ ചാടിപ്പോയത്. സംഭവം കണ്ട ജീവനക്കാർ ബഹളംവെച്ചതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്. രണ്ടുപേരെ സമീപത്തെ വയലിൽനിന്നും ഒരാളെ തൊട്ടടുത്ത് കാടിന് സമീപത്തുനിന്നും കണ്ടെത്തുകയായിരുന്നു. ജൂൺ 16നും സെപ്റ്റംബറിലും സമാന സംഭവമുണ്ടായിട്ടുണ്ട്. ജൂണിൽ ആറ് കുട്ടികളാണ് കടന്നുകളയാൻ ശ്രമിച്ചത്. ഇവരെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ജീവനക്കാരെ നിയമിക്കുന്നതിലുള്ള അപാകതയാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും പറയുന്നു.
കഴിഞ്ഞ ദിവസം വിദ്യാർഥികൾ ചാടിപ്പോകാൻ ശ്രമിക്കുമ്പോൾ രണ്ട് വനിത ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എട്ടോളം ജീവനക്കാരുണ്ടെങ്കിലും എല്ലാവരുടെയും സാന്നിധ്യമുണ്ടാകാറില്ല. ജീവനക്കാരുടെ സൗകര്യാർഥം ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായമാണ് ഇതിന് കാരണം. റെസിഡൻഷ്യൽ ജോലി ചെയ്യേണ്ടവർ മിക്ക ദിവസങ്ങളിലും വീട്ടിൽപോയി വരുകയായിരുന്നു. ഇത് പലപ്പോഴും ജീവനക്കാരില്ലാത്ത അവസ്ഥക്ക് കാരണമാകുന്നു. 14ഉം 15ഉം വയസ്സുള്ള കുട്ടികൾ നാലു ചുവരുകൾക്കുള്ളിൽ അടച്ചിടപ്പെടുമ്പോൾ കടുത്ത മാനസിക സമ്മർദമാണ് നേരിടുന്നത്. ചാടിപ്പോകാൻ ആഗ്രഹിക്കുന്നതിനു കാരണവും ഇതാണ്. ഇവർക്ക് കൗൺസലിങ്, വിനോദത്തിനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വനിത-ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിലാണ് ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നത്. നിലവിൽ 17 കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.