പാലമേലിന് ഔദ്യോഗിക മരവും പക്ഷിയും വേണമെന്ന്
text_fieldsചാരുംമൂട്: പാലമേൽ പഞ്ചായത്തിന് ഔദ്യോഗിക മരവും പക്ഷിയും വേണമെന്ന് ആവശ്യം. മരമായി ഏഴിലം പാലയെയും പക്ഷിയായി ചേരക്കോഴിയെയും പ്രഖ്യാപിക്കണമെന്ന് ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏഴിലംപാലകൾ കൂടുതൽ വളരുന്ന പ്രദേശമെന്ന നിലയിലാണ് പാലമേൽ എന്ന പേര് പഞ്ചായത്തിന് ലഭിച്ചത്.
നൂറനാട്ടും പാലമേൽ എന്നൊരു കരയുണ്ട്. പാലമൂട്ടിൽ, പാലനിൽക്കും പുരയിടം തുടങ്ങിയ നിരവധി വീട്ടുപേരുകളും സ്ഥലനാമങ്ങളും സാധാരണമാണ്. നന്ദികേശ പൈതൃക ഗ്രാമമായി സർക്കാർ പ്രഖ്യാപിച്ച നൂറനാട്ടിൽ വ്യാപകമായി കണ്ടുവരുന്ന ഏഴിലം പാലയുടെ തടികൊണ്ടാണ് നന്ദികേശ ശിരസ്സ് കൊത്തിയുണ്ടാക്കുന്നത്.
മറ്റപ്പള്ളിയും സമീപ കുന്നുകളും ഏഴിലം പാലകൾ സമൃദ്ധമായി വളരുന്ന പ്രദേശമാണ്. ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതി നൽകി വരുന്ന ഗ്രാമശ്രീ അവാർഡിൽ ഏഴിലം പാലയുടെ ചില്ലകൾ കൂടി ഇനി മുതൽ ഉൾപെടുത്തുമെന്ന് പ്രസിസന്റ് സി. റഹിം പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെ രേഖപ്പെടുത്തുന്ന റെഡ് ഡേറ്റാ ബുക്കിൽ ഉൾപ്പെട്ട ചേരക്കോഴികൾ ഏറ്റവും അധികം കൂടുകൂട്ടുന്ന പ്രദേശമാണ് നൂറനാടും പരിസരവും. ഡാർട്ടർ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചേരക്കോഴികളുടെ രാജ്യത്തെ ഏറ്റവും വലിയ താവളം 2012ൽ പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങരയിൽ കണ്ടെത്തിയിരുന്നു.
മറ്റപ്പള്ളിയിലെ സമരവേദിക്കു സമീപത്തെ ഏഴിലം പാലയിൽ സമീപവാസികളായ മോഹനനും ഭാരതി മുത്തശ്ശിയും ചേർന്നു അലങ്കാര തുണി തൂക്കി ഏഴിലംപാലയെ ആദരിച്ചു. ഗ്രാമശ്രീ സെക്രട്ടറി ടി.ആർ. സദാശിവൻ നായർ ട്രഷറർ കെ.വി. ജയകുമാർ രാധാകൃഷണൻ ഉണ്ണിത്താൻ എൽ. സജികുമാർ, ജെ.ഹാഷിം, വി. വിജീഷ്, എൻ.വി. രവീന്ദ്രനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.