പ്രിയപ്പെട്ട പരിസ്ഥിതി സ്നേഹി മന്ത്രിപദത്തിലേക്ക്; അഭിമാന നിറവിൽ ഓണാട്ടുകര
text_fieldsചാരുംമൂട്: കാലിൽ പാതി തേഞ്ഞ റബർ ചെരുപ്പും ദേഹത്ത് വിലകുറഞ്ഞ ഖദർ ഷർട്ടും. മുടിയിലും താടിയിലും കാലം വരച്ച വെള്ളിനൂലുകൾ മായ്ച്ച് കളയാനുള്ള സൂത്രപ്പണികൾ ഒന്നുമില്ല. ഓണാട്ടുകരയുടെ പ്രിയപ്പെട്ട പരിസ്ഥിതി സ്നേഹി പി.പ്രസാദ് രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാകുന്നത് നാടിന് അഭിമാനമാകുന്നു.
കാർഷികത്തനിമ പേറുന്ന നൂറനാട് പാലമേൽ ഗ്രാമത്തിലെ 'സുജാലയം' എന്ന ഇടത്തരം വീട്ടിൽ നിന്നാണ് ഈ ജനകീയ നേതാവിെൻറ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും തൊഴിലാളി നേതാവുമായിരുന്ന പിതാവ് പരേതനായ നൂറനാട് മറ്റപ്പള്ളി സുജാലയത്തിൽ ജി.പരമേശ്വരൻ പിള്ളയുടെ പാതയിലൂടെ യാത്ര തുടർന്നാണ് പ്രസാദ് മന്ത്രി പദവിയിലേക്കെത്തുന്നത്.
പരിമിത ജീവിത സാഹചര്യങ്ങളായിരുന്നു കൂട്ടിനുണ്ടായിരുന്നതെങ്കിലും ചെറുപ്രായത്തിൽത്തന്നെ എ.ഐ.എസ്.എഫിെൻറ സമ്മേളനവേദികളിലെ ചർച്ചകളിലും പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിെൻറയും ഇപ്റ്റയുടെയും സജീവപ്രവർത്തകനായി. സി.ബി.എം. ഹൈസ്കൂൾ അധ്യാപകനായിരുന്ന എം.ആർ.സി.നായരുടെ സംവിധാനത്തിൽ നടന്ന ഇപ്റ്റയുടെ തെരുവുനാടകങ്ങളിൽ ഒരുകാലത്ത് പ്രധാന നടനായിരുന്നു.
വായന തന്നെയായിരുന്നു പ്രസാദിന് ഏറെ ഇഷ്ടം. അതുകൊണ്ടാണ് കഷ്ടിച്ച് ഒരാൾക്ക് നിൽക്കാൻ മാത്രം ഇടമുള്ള മുറി പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്. പന്തളം എൻ.എസ്.എസിലായിരുന്നു ഡിഗ്രി പഠനം. അതോടെ പ്രവർത്തനങ്ങളെല്ലാം പത്തനംതിട്ട ജില്ലയിലായി. നൂറനാട് സി.ബി.എം ഹൈസ്കൂളിലെ പഠന കാലത്ത് തന്നെ എ.ഐ.എസ് എഫിെൻറ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് പന്തളം എൻ.എസ്.എസ് കോളജ് യൂനിറ്റ് സെക്രട്ടറിയായി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്സി. അംഗം എന്നീ നിലകളിലെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധേയനാക്കി.
നാട്ടുകാരനും എ.ഐ.ടി.യു.സി നേതാവുമായിരുന്ന അന്തരിച്ച എം.സുകുമാരപിള്ളയുടെ പിൻഗാമിയായി സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു. മികച്ച വാഗ്മിയും പരിസ്ഥിതിയുടെ പ്രണയിതാവും കൂടിയായ ഇദ്ദേഹം പ്ലാച്ചിമടയിലും മേധാപട്കർക്കൊപ്പം ഇതര സംസ്ഥാനങ്ങളിലും നിരവധി പരിസ്ഥിതി വിഷയങ്ങളിലെ പ്രക്ഷോഭങ്ങളിൽ ഇടപെട്ടു. എല്ലാവരെയും സ്നേഹ പക്ഷത്ത് ചേർത്തു നിർത്താൻ കഴിഞ്ഞിരുന്ന ലാളിത്യമാർന്ന വ്യക്തിത്വം കൂടിയായ നൂറനാട്ടുകാരുടെ സ്വന്തം പ്രസാദ് നൂറനാട് നവജീവൻ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിെൻറ മുഖ്യസംഘാടകൻ കൂടിയാണ്.
ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോൾ 2011 മുതൽ 2016 വരെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനായും പ്രവർത്തിച്ചു. ഇപ്പോൾ സി.പി.ഐ സംസ്ഥാന എക്സി. അംഗമായ പ്രസാദ് ചേർത്തലയിൽ വിജയപതാക ഉയർത്തിയപ്പോൾ തന്നെ പാർട്ടിയിലുൾപ്പെടെ എല്ലാവരും അദ്ദേഹത്തിന് മന്ത്രി സ്ഥാനവും ഉറപ്പിച്ചിരുന്നു. വീട്ടിലെത്തിയാൽ രാഷ്ട്രീയക്കാരെൻറ കുപ്പായം ഊരി മാതാവ് ഗോമതിയമ്മയോടും ഭാര്യ ലെനയോടും മക്കളായ ഭഗത് പ്രസാദ്, അരുണ അമൽ മിത്രയോടുമൊപ്പം തനി 'ഫാമിലി മാനാ'യി മാറും ഈ യുവ മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.