പ്രധാന ജങ്ഷൻ; ഗതാഗത കുരുക്ക് രൂക്ഷം, ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡില്ല
text_fieldsചാരുംമൂട്: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. അടിയന്തരമായി നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
കെ.പി റോഡിൽ കായംകുളത്തിനും അടൂരിനും മധ്യേയുള്ള ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ ചാരുംമൂട് നൂറനാട്, ചുനക്കര, താമരക്കുളം ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലം കൂടിയാണ്. കായംകുളം-പുനലൂർ സംസ്ഥാനപാതയും കൊല്ലം-തേനി ദേശീയപാതയും ചേരുന്ന പ്രധാന ജങ്ഷനാണ് ചാരുംമൂട്. ഈ രണ്ടുറോഡിലും കൂടി നൂറിലധികം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളാണ് ദിനംപ്രതി സർവിസ് നടത്തുന്നത്. നുറുകണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ചാരുംമൂട്ടിൽ എത്തുന്നത്. ബസ് സ്റ്റോപ്പുകളിലേക്കുള്ള ദൂരക്കൂടുതലാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ജങ്ഷന്റെ നാല് ഭാഗത്തായുള്ള ബസ് സ്റ്റോപ്പുകളിലേക്ക് ബസിൽ കയറാൻ യാത്രക്കാർ നെട്ടോട്ടമാണ്. മാത്രമല്ല ഗതാഗതക്കുരുക്കും സ്ഥിരമായി ഉണ്ടാകുന്നു. ഇതിനു ശാശ്വത പരിഹാരമായാണ് ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നത്.
ജങ്ഷനിൽനിന്ന് 200 മീറ്റർ കിഴക്കുമാറിയാണ് അടൂർ, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകളുടെ സ്റ്റോപ്. ജങ്ഷനിൽനിന്ന് 100 മീറ്ററിലേറെ അകലെയാണ് കായംകുളം, ചെങ്ങന്നൂർ, ഭരണിക്കാവ് ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്. കായംകുളത്തുനിന്നും താമരക്കുളത്തേക്ക് പോകേണ്ട യാത്രക്കാരൻ കിഴക്കുഭാഗത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി 300 മീറ്റർ നടന്നെങ്കിലേ താമരക്കുളത്തിനുള്ള ബസിൽ കയറാൻ കഴിയൂ.
പല യാത്രക്കാരും സിഗ്നലിൽ വാഹനം നിർത്തുമ്പോൾ ഡോർ തുറന്ന് ചാടിയിറങ്ങുന്നത് അപകടത്തിന് കാരണമാകുന്നു. മഴക്കാലമായാൽ ഒരു സ്റ്റോപ്പിൽനിന്ന് മറ്റൊന്നിലേക്ക് എത്താൻ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിവരും. സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാകുന്നതും സ്ഥിരമാണ്. വർഷങ്ങൾക്ക് മുമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന് സമീപം ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ താമരക്കുളം ഗ്രാമപഞ്ചായത്ത് തീരുമാനം എടുത്തിരുന്നു. പിന്നീട് ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിച്ചു. നിലവിൽ ജങ്ഷന് സമീപത്ത് സർക്കാർ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് സ്ഥാപിക്കാൻ നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.