കുടിവെള്ളം കിട്ടാതെ വിവിധ പഞ്ചായത്തുകൾ
text_fieldsചാരുംമൂട് ജങ്ഷന് സമീപത്തുകൂടി കടന്നുപോകുന്ന കെ.ഐ.പി കനാൽ കാട് മൂടിയ നിലയിൽ
ചാരുംമൂട്: ചാരുംമൂട് മേഖലയിലെ താമരക്കുളം, നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം. കനാൽ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ക്ഷാമം പരിഹരിക്കാൻ കെ.ഐ.പി കനാൽ തുറക്കാനും ഇതുവരെ നടപടിയായില്ല. ഈ പഞ്ചായത്തുകളിൽ ഇപ്പോൾ പാറ്റൂർ കുടിവെള്ള പദ്ധതിയിൽനിന്നാണ് വെള്ളമെത്തുന്നത്. എന്നാൽ, താമരക്കുളമടക്കമുള്ള പഞ്ചായത്തുകളിലും ഭാഗികമായാണ് ജലവിതരണം. മേഖലയിൽ താമരക്കുളം പഞ്ചായത്തിലാണ് പ്രശ്നം ഏറെയുള്ളത്. പഞ്ചായത്തിലെ വേടരപ്ലാവിലും പേരൂർക്കാരാഴ്മയിലും കുടിവെള്ളം കിട്ടിയിട്ട് ഒരുമാസത്തിലേറെയായി. പഞ്ചായത്തിലെ ജലവിതരണ ശൃംഖലയിലെ അപാകംമൂലവും കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ല.
പരിശോധിച്ചിട്ടും തകരാർ കണ്ടെത്താനായില്ല
ജലഅതോറിറ്റി ഓഫിസിൽനിന്ന് ജീവനക്കാരെത്തി പരിശോധന നടത്തിയെങ്കിലും തകരാർ കണ്ടെത്താനും പ്രശ്നങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനും കഴിഞ്ഞിട്ടില്ല. ജലജീവൻമിഷൻ പദ്ധതിയിൽ ധാരാളം കുടിവെള്ള കണക്ഷനുകൾ നൽകിയിട്ടുള്ള താമരക്കുളം പഞ്ചായത്തിൽ എല്ലായിടത്തും വെള്ളം എത്തുന്നില്ലെന്നും ജലവിതരണശൃംഖലയിലെ അപാകത മൂലം കുടിവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജലവിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനായി ഇരുമ്പ് പൈപ്പുകൾ താമരക്കുളം പച്ചക്കാട്ടുള്ള ജലസംഭരണിയിൽനിന്ന് നെടിയാണിക്കൽ ക്ഷേത്രജങ്ഷൻവരെയും ചാവടി ജങ്ഷൻ വരെയും സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. വർഷങ്ങൾ പഴക്കമുള്ള ജലവിതരണ പൈപ്പുകളാണ് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലത്തുമുള്ളത്.
രണ്ടര ലക്ഷം ലിറ്റർ ശേഷിയുള്ള 40 വർഷം പഴക്കമുള്ള പച്ചക്കാട്ടെ ജലസംഭരണിക്ക് ബലക്ഷയവുമുണ്ട്. ജലവിതരണം കാര്യക്ഷമമാക്കാൻ പഞ്ചായത്തിലുടനീളം പുതിയ പൈപ്പുകൾ ഇടണമെന്ന ആവശ്യം ശക്തമാണ്.
കെ.ഐ.പി കനാൽ തുറക്കണം
കുടിവെള്ളക്ഷാമം പരിഹരിക്കാൻ കെ.ഐ.പി കനാൽ തുറക്കാനും നടപടിയായില്ല. ഇതിന് മുന്നോടിയായി വൃത്തിയാക്കുന്ന ജോലി ഇക്കുറി പഞ്ചായത്തുകൾക്ക് തുടങ്ങാനായിട്ടില്ല. കനാലുകൾ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളവുമായി മാറി. തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടാണ് കനാൽവൃത്തിയാക്കുന്നത്. എന്നാൽ, ആവർത്തന സ്വഭാവമുള്ള ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യരുതെന്ന കേന്ദ്രസർക്കാർ ഉത്തരവാണ് പഞ്ചായത്തുകൾക്ക് വിനയായി.
മൂന്നു വർഷത്തിലൊരിക്കൽ മാത്രമേ ഒരേ പണികൾ ചെയ്യാൻ പാടുള്ളൂവെന്നാണ് നിർദേശം. ചാരുംമൂട്ടിൽനിന്ന് പേരൂർക്കാരാഴ്മവഴി വേടരപ്ലാവിനുള്ള കെ.ഐ.പി ഉപകനാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പണിപൂർത്തിയായിട്ടില്ല. വെള്ളമില്ലാത്തതിനാൽ വാഴയും പച്ചക്കറികളും അടക്കമുള്ള വിളകൾ കരിഞ്ഞുണങ്ങിയ സ്ഥിതിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.