ചുവർച്ചിത്ര രചനയിൽ ശ്രദ്ധേയനായി അധ്യാപകൻ
text_fieldsചാരുംമൂട്: ദ്രാവിഡ ചിത്രരചനാരീതിയുടെ പിൻതുടർച്ചയായി കേരളത്തിലും പിറവികൊണ്ട രചനാസങ്കേതമാണ് ചുവർച്ചിത്രങ്ങൾ. പണ്ടുകാലത്ത് ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുവരുകളിൽ മാത്രം കണ്ടുവന്ന ചുവർച്ചിത്രങ്ങൾ ഇന്ന് ജനകീയമാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ചുവർച്ചിത്രങ്ങളെ മനസ്സിൽ ആവാഹിച്ച അധ്യാപകനാണ് മാവേലിക്കര കുറത്തികാട് പള്ളിയാവട്ടം സന്തോഷ് ഭവനിൽ രാമനാഥൻപിള്ളയുടെയും സുഭദ്രാമ്മയുടെയും മകനായ റാഫി രാമനാഥൻ.
ശാസ്ത്രീയ പഠനം ഒന്നുമില്ലെങ്കിലും കുട്ടിക്കാലംതൊട്ടേ ചിത്രരചനയിൽ തൽപരനായിരുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് യൂട്യൂബ് നോക്കി വരച്ചാണ് വീണ്ടും ചിത്രമെഴുത്തിലേക്ക് എത്തിയത്. ചുവർച്ചിത്ര രചനയിൽ താൽപര്യം തോന്നിയപ്പോൾ നൂറനാട് ചിത്രമാലയിലെ ചുവർച്ചിത്രകാരി വത്സല ടീച്ചറെ ഫോണിൽ വിളിച്ചു കാര്യങ്ങൾ മനസ്സിലാക്കി.
ലോക്ഡൗണിനു ശേഷം ടീച്ചറുടെ നൂറനാട് പാറ ജങ്ഷനിലെ ചിത്രമാല ആർട്സ് ആൻഡ് ക്രാഫ്റ്റ് അക്കാദമിയിൽ എത്തി. ചുവർച്ചിത്ര കലയെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹമായിരുന്നു. ഇവിടെ മൂന്നുമാസം ചിത്രരചന പരിശീലിച്ചു. പിന്നീട് ഗാലറിയിലെ വത്സല ടീച്ചറായി വഴികാട്ടി. ഇവരുടെ പ്രോത്സാഹനത്തിൽ ചുവർച്ചിത്രങ്ങൾ വരച്ചുതുടങ്ങി.
കൃഷ്ണലീല, ശകുന്തള, ദമയന്തി, രാധാമാധവം തുടങ്ങി 40 ചിത്രങ്ങൾ വരച്ചു. പുതുതായി വരച്ച രാധാമാധവം 21 ചതുരശ്ര അടി വലുപ്പത്തിലുള്ളതാണ്. താമരക്കുളം വി.വി.എച്ച്.എസ്.എസ് ജീവശാസ്ത്രം അധ്യാപകനാണ് റാഫി രാമനാഥ്. സ്കൂൾ സമയത്തിനു ശേഷവും അവധി ദിവസങ്ങളിലുമാണു ചുമർച്ചിത്ര രചനക്ക് സമയം കണ്ടെത്തുന്നത്.
ചിത്രകലയിലെ മറ്റു രീതികളെ അപേക്ഷിച്ചു കൂടുതൽ സമയവും ഏകാഗ്രതയും ചുവർച്ചിത്രം തയാറാക്കാൻ ആവശ്യമാണ്. തപസ്സുപോലെ മനസ്സും ശരീരവും തയാറാക്കിവേണം ചിത്രരചന ആരംഭിക്കാനെന്നും റാഫി പറയുന്നു. വൃക്ഷങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കാൻ ‘നന്മമരം’ ഡോക്യുമെന്ററി ഒരുക്കി. പരിസ്ഥിതി പ്രവർത്തനങ്ങളുമായി നിരവധി പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തി. മിയാവാക്കി വനം നട്ടു സംരക്ഷിക്കുന്ന പ്രവർത്തനത്തിന് 102ാം മൻകി ബാത്തിലൂടെ പ്രധാനമന്ത്രി ഇദ്ദേഹത്തെ പ്രശംസിച്ചിരുന്നു.
ഇതിന്റെ ഭാഗമായി മൻകി ബാത്ത് അമർ ചിത്രകഥാരൂപത്തിൽ 13 ഭാഷകളിൽ ഇറങ്ങിയ പുസ്തകത്തിൽ നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം ഭരണസമിതി അംഗം കൂടിയ റാഫി രാമനാഥൻ എന്ന അധ്യാപകനെക്കുറിച്ചു പറയുന്നുണ്ട്. ശ്രീലക്ഷ്മിയാണ് ഭാര്യ. അദ്വൈത്, പാർഥിവ് എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.