ഈറ്റ വ്യവസായത്തിൽ പ്രതിസന്ധി; തൊഴിലാളികൾ പട്ടിണിയിൽ
text_fieldsചാരുംമൂട്: പരമ്പരാഗത കുടില്‍ വ്യവസായങ്ങളിലൊന്നായ ഈറ്റ നെയ്ത്ത് മേഖല പ്രതിസന്ധിയിൽ. ഈറ്റ നല്‍കാതെ ബാംബൂ കോര്പറേഷന് ചതിച്ചതോടെ തൊഴിലാളികള്‍ ദുരിതത്തിലുമായി. മാവേലിക്കര താലൂക്കില്‍ താമരക്കുളം പഞ്ചായത്തിൽ നൂറില്‍പരം കുടുംബങ്ങളാണ് ഈറ്റനെയ്ത്ത് വ്യവസായവുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നത്. ഈറ്റയും മതിയായ വേതനവും ലഭിക്കാത്തതിനാൽ ദാരിദ്ര്യത്തിലാണ് മിക്ക കുടുംബങ്ങളും. തൊഴില്‍ ഉപേക്ഷിച്ച് മറ്റ് ജീവിതമാര്ഗങ്ങള് തേടിപ്പോകേണ്ട സ്ഥിതിയിലാണിവർ. താമരക്കുളം പച്ചക്കാട് ഈറ്റ ഉൽപാദന നിർമാണ പരിശീലന കേന്ദ്രത്തിലെ നാൽപതോളം പേർ വർഷങ്ങളായി ഈറ്റ ഉൽപന്ന നിർമാണ രംഗത്ത് ഉള്ളവരാണ്. പച്ചക്കാട് യൂനിറ്റിന് പ്രവർത്തിക്കാൻ പഞ്ചായത്തുവക കെട്ടിടം വിട്ടുനൽകിയിട്ടുണ്ടെങ്കിലും മറ്റു സഹായമൊന്നും സർക്കാർതലത്തിൽ ലഭിക്കുന്നില്ല. ഈറ്റ ലഭിക്കാത്തതിനാൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കഴിയാതിരിക്കെ ഉപജീവനത്തിന് ക്ലേശിക്കുകയാണ് ഇവർ.
ശാസ്താംകോട്ട അടക്കം പ്രദേശങ്ങളിൽനിന്ന് അമിത വില കൊടുത്ത് ഈറ്റ വാങ്ങിയാണ് തൊഴിൽ ചെയ്യുന്നത്. വണ്ടിക്കൂലിയടക്കം കൂടുതൽ തുക ചെലവാകുന്നതിനാൽ പലപ്പോഴും നഷ്ടത്തിലാണ് കലാശിക്കുക. ഈറ്റ വെട്ടിയുണക്കി കീറിയാണ് കൊട്ടയും വട്ടിയുമൊക്കെ നെയ്യുന്നത്. ഒരു കൊട്ടനെയ്തെടുക്കാൻ മണിക്കൂറുകൾ വേണ്ടിവരും. ഇങ്ങനെ നിർമിക്കുന്ന വട്ടിയും കൊട്ടയും മുറങ്ങളും കരകൗശല വസ്തുക്കളും വിറ്റഴിക്കാന്‍ സാധിക്കുന്നില്ല. മുമ്പ് ഉല്പന്നങ്ങള് വിറ്റഴിച്ചിരുന്നത് താമരക്കുളം മാധവപുരം ചന്തയിലാണ്.
ഇപ്പോൾ ചന്തയിൽ ഇവ വാങ്ങാൻ ആൾക്കാർ എത്താറില്ല. വിറ്റഴിക്കപ്പെടുന്നവക്ക് പലപ്പോഴും കൃത്യമായ വിലപോലും ലഭിക്കാറില്ലെന്നും പരാതിയുണ്ട്. നെയ്ത്തുകാർക്കും കച്ചവടക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ് ഈറ്റ ഉൽപന്ന വിപണി തകർക്കുന്നത്. ഇടനിലക്കാർ കുറഞ്ഞ വിലയിൽ വാങ്ങുന്ന ഉൽപന്നം കൂടുതൽ വില വാങ്ങി വിൽക്കുന്നതാണ് രീതി. 600 രൂപ വിപണി വിലയുള്ള ഒരു കൊട്ടക്ക് 110 മുതൽ 300 രൂപവരെയാണ് ഇടനിലക്കാർ നെയ്ത്തുകാർക്ക് നൽകുന്നത്.
പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വരവും ഇത്തരം ഉൽപന്നങ്ങളുടെ വിപണന സാധ്യത കുറച്ചു. പ്ലാസ്റ്റിക്കിൽ നിർമിക്കുന്ന കൊട്ട, വട്ടി, മുറം എന്നിവക്ക് ആവശ്യങ്ങൾ ഏറിയതോടെ ഈറ്റ ഉൽപന്നങ്ങൾ പുറന്തള്ളപ്പെടുന്നു.
ഭൂരിഭാഗം ദിനങ്ങളും തൊഴിലെടുത്താലും ജീവിക്കുന്നതിനുള്ള വകകണ്ടെത്താന്‍ കഴിയുകയില്ലെന്നും തൊഴിലാളികള്‍ പറയുന്നു. ബാംബൂ കോർപറേഷെൻറയും സര്‍ക്കാറിെൻറയും സഹായം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല. ഈറ്റ ആവശ്യത്തിന് ലഭിക്കാത്തതാണ് ഏറ്റവും വലിയ ദുരിതം. പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ വേണ്ട സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ വരുത്താൻ കഴിയാതെ പോകുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.