ചെറിയനാട്ടെ കാർഷിക വിപണന കേന്ദ്രം; എതിർപ്പുമായി സി.പി.ഐ സി.പി.എം പ്രതിരോധത്തിൽ
text_fieldsചെറിയനാട്: എൽ.ഡി.എഫ് ഭരിക്കുന്ന ചെറിയനാട് പഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസ് നിർമിക്കേണ്ട സ്ഥലത്ത് കാർഷിക വിപണന കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചതിനെതിരെ ഭരണപക്ഷമായ സി.പി.ഐ രംഗത്ത്. ഡി.പി.ആർ ചർച്ച ചെയ്യാൻ ചേർന്ന ഗ്രാമ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ സി.പി.ഐ അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ വിയോജനക്കുറിപ്പെഴുതി. ഇതോടെ സി.പി.എം പ്രതിരോധത്തിലായി. സി.പി.ഐ അംഗങ്ങളായ ഷൈനി ഷാനവാസ്, ബിജു രാഘവൻ, കോൺഗ്രസ് അംഗങ്ങളായ ശ്രീകുമാരി മധു, എം.രജനീഷ്, ബി.ജെ.പി അംഗം പി.കെ. പ്രസന്നകുമാരി, സ്വതന്ത്ര അംഗം രജിത രാജൻ എന്നിവരാണ് വിയോജനം രേഖപ്പെടുത്തിയത്. 15 അംഗ ഭരണസമിതിയിൽ സി.പി.എം-എട്ട്, സി.പി.ഐ -രണ്ട്, കോൺഗ്രസ്-രണ്ട്, ബി.ജെ.പി-ഒന്ന്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഒൻപത് അംഗങ്ങൾ തീരുമാനത്തോട് യോജിച്ചു. നേരത്തേ പടനിലം ജങ്ഷന് സമീപം വാങ്ങിയ 24 സെൻറ് സ്ഥലത്ത്, നിലവിലെ പഞ്ചായത്ത് ഓഫിസിന് സ്ഥലസൗകര്യം കുറവായതിനാൽ പുതിയ ഓഫിസ് നിർമിക്കാനായി 2015-2020 കാലത്തെ ഭരണസമിതി ഡി.പി.ആർ തയാറാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ ആഗസ്റ്റിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇവിടെ നബാർഡിൽനിന്ന് തുക കണ്ടെത്തി കാർഷിക വിപണന കേന്ദ്രം പണിയാൻ തീരുമാനമെടുത്തു. തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് എം. രജനീഷ് , അംഗം ശ്രീകുമാരി മധു എന്നിവർ ഇറങ്ങിപ്പോയിരുന്നു.
സർക്കാറിനോട് വില നൽകി വാങ്ങിയ 24 സെൻറ് സ്ഥലത്ത് ആധുനിക രീതിയിൽ പഞ്ചായത്ത് ഓഫിസ്, കാർഷിക ബാങ്ക്, കാർഷിക വിപണന കേന്ദ്രം എന്നിവ ഉൾപ്പെടുന്ന കെട്ടിടസമുച്ചയം നിർമിക്കാനാണ് പദ്ധതി.
പഞ്ചായത്തിെൻറ സമഗ്ര വികസനത്തിന് തടയിടുന്ന വികസനവിരോധികളുടെ ഗൂഢനീക്കമാണ് എതിർപ്പിന് പിന്നിലെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. വാസുദേവൻ ആരോപിച്ചു. പഞ്ചായത്ത് ഓഫിസ് നിർമിക്കണമെന്ന പാർട്ടി നിലപാട് പ്രകാരമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതെന്നും മുൻ ഭരണസമിതിയുടെ കാലത്തും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും സി.പി.െഎ അംഗം ബിജു രാഘവൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.