70ാം വയസ്സിലും പത്രവായനക്കായി കിലോമീറ്ററുകൾ നടന്ന് അബൂബക്കർ
text_fieldsചെങ്ങന്നൂർ: പത്രവായനക്കായി കിലോമീറ്ററുകൾ താണ്ടി തൊട്ടടുത്ത ആലപ്പുഴ ജില്ലയിലേക്ക് കാൽനടയായി എല്ലാ പ്രഭാതത്തിലും 70ാം വയസ്സിലും യാത്ര ചെയ്യുകയാണ് അബൂബക്കർ. തിരുവല്ല താലൂക്ക് കടപ്ര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പരുമല ചെട്ടിയാരുകുളത്തിൽ വീട്ടിൽ അബൂബക്കറിന് ബീഡിതെറുപ്പും സ്വന്തമായി മുറുക്കാൻകടയും തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി കടവ് ഭാഗത്തുണ്ടായിരുന്നു.
10 വർഷം മുമ്പ്് നിർത്തി. അതുവരെ ഒരു പത്രം സ്ഥിരമായി വരുത്തുന്നതോടൊപ്പം കുറഞ്ഞത് മറ്റ് രണ്ടെണ്ണമെങ്കിലും കൂടി വായിക്കുകയും പതിവായിരുന്നു. പത്രവായനക്കായി രാവിലെ ആറിന് വീട്ടിൽനിന്ന് തിരിക്കും. ഇരുഭാഗത്തേക്കുമായ ആറു കിലോമീറ്ററാണ് ഈ യാത്ര. കടയിൽനിന്ന് ചായ കുടിച്ചശേഷം പിന്നെ കടത്തിണ്ണയിൽ സ്വസ്ഥമായിട്ടിരുന്ന് പത്രപാരായണമാണ്. ഒന്നു വായിച്ചശേഷം സുരക്ഷിതമായി ഇരുന്ന സ്ഥാനത്തുതന്നെ വെച്ച് മറ്റൊരെണ്ണമെന്ന കണക്കിൽ മൂന്നു പത്രങ്ങൾ ഒന്നരമണിക്കൂറെടുത്ത് വായിച്ചുതീർക്കും.
പ്രായത്തിെൻറതായ ശാരീരിക വിഷമതകളുണ്ടെങ്കിലും കണ്ണട ഇതുവരെ വേണ്ടിവന്നിട്ടില്ല. തിങ്കപ്പുഴയിലുള്ള ടാഗോർ സ്മാരക വായനശാലയിലും മിക്കപ്പോഴും പോകും. നബീസ ബീവിയാണ് ഭാര്യ. നിസാർ, നവാസ്, നിയാസ്, സലീമ എന്നിവർ മക്കൾ. ഇതിൽ നവാസും നിയാസും അവരുടെ ഭാര്യമാരായ ഷൈല ബീവിയും ലെമിയും കൊച്ചുമക്കളായ നാഷിലയും നൗഫിയും അടക്കം എട്ടുപേരാണ് ഇപ്പോൾ വീട്ടിലുള്ളത്. ആർക്കും സ്ഥിരവരുമാന മാർഗങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.