മിഴികളിൽ ഇരുൾമൂടിയ ജോസേട്ടനും കുടുംബവും സ്വപ്നഭവനത്തിൽ സുരക്ഷിതർ
text_fieldsചെങ്ങന്നൂർ: മിഴികളിൽ ഇരുൾമൂടിയ ജോസേട്ടനും കുടുംബവും സ്വപ്നഭവനത്തിൽ ഇനി സുരക്ഷിതർ. വൈക്കം വിജയലക്ഷ്മിയുടെ പാട്ടോടെയാണ് വീടിെൻറ താക്കോൽദാന ചടങ്ങ് നടന്നത്. കോവിഡ് ലോക്ഡൗണിൽ നടുറോഡിൽ വഴിയറിയാതെ നിന്ന േജാസേട്ടനെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരി ബസ് കയറ്റിവിടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിെൻറ ജീവിത പ്രയാസങ്ങളും ജനം അറിഞ്ഞതോടെയാണ് ക്രിസ്മസ്-പുതുവർഷ സമ്മാനമായി സ്വപ്നഭവനം ലഭിച്ചത്.
തിരുവല്ല കറ്റോട് തലപ്പാലയിൽ വീട്ടിൽ 62കാരനായ ജോസിന് സൗഹൃദവേദി സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ച വീടിെൻറ താക്കോൽ വൈക്കം വിജയലക്ഷ്മി കൈമാറി. ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാ. ഷിജു മാത്യു ആശീർവദിച്ചു. സ്റ്റേറ്റ് കോഓഡിനേറ്റർ സിബി സാം തോട്ടത്തിൽ, സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, റെജി പാറപ്പുറം, ബിനു തങ്കച്ചൻ, അനു ദാനിയേൽ എന്നിവർ സംസാരിച്ചു.
ജോസേട്ടന് 22 വർഷം മുമ്പാണ് കാഴ്ചശക്തി കുറയാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർചികിത്സ നടത്താനാകാഞ്ഞതുമൂലം 12 വർഷമായി പൂർണമായും കാഴ്ച നഷ്ടമായി. തിരുവല്ല നഗരസഭ 2006ൽ രണ്ടുസെൻറ് വസ്തു വാങ്ങാനും വീട് വെക്കാനും 70,000 രൂപ നൽകിയിരുന്നു.
നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും 10 വർഷമായി പാതിവഴിയിലായിരുന്നു. ചോർന്നൊലിച്ച് ഏതുസമയവും താഴെ വീഴാവുന്ന ഷെഡിൽ താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സൗഹൃദവേദി ബാക്കി നിർമാണം ഏറ്റെടുത്തത്.
ക്ഷേമ പെൻഷനായി ലഭിക്കുന്ന തുക മാത്രമാണ് കുടുംബത്തിെൻറ ഏക വരുമാനം. ഭാര്യ ആസ്ത്മ ബാധിതയാണ്. മകൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ആറുമാസംകൊണ്ട് രണ്ട് മുറി, അടുക്കള, ഹാൾ, സിറ്റൗട്ട്, ശുചിമുറി എന്നിവ അടങ്ങിയ വീടിെൻറ പെയിൻറിങ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കി. വെള്ളപ്പൊക്ക സമയങ്ങളിൽ വീട്ടിൽ വെള്ളം കയറുന്നത് മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഏകദേശം 1200 ചതുരശ്രയടി വിസ്തീർണത്തിൽ വീടിെൻറ മുകൾ ഭാഗത്ത് റൂഫിങ് നടത്തിയിട്ടുമുണ്ട്. വീട് നിർമാണം നടക്കുമ്പോൾ തന്നെ വാർത്തകൾ വായിച്ചറിഞ്ഞ് സുമനസ്സുകൾ വീട്ടുപകരണങ്ങൾ വാങ്ങി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.