ചെങ്ങന്നൂർ മാലിന്യ സംസ്കരണ സംസ്കാരത്തിൽ മുന്നിൽ
text_fieldsചെങ്ങന്നൂർ: സാംസ്കാരിക മന്ത്രിയുടെ മണ്ഡലമായ ചെങ്ങന്നൂർ മാലിന്യ സംസ്കരണ സംസ്കാരത്തിലും മുന്നിലാണ്. വീടുകളിൽനിന്നുള്ള മാലിന്യ ശേഖരണം ഗ്രാമപഞ്ചായത്തുകൾ മികച്ചനിലയിൽ നടത്തുന്നുണ്ട്. ചെങ്ങന്നൂർ നഗരസഭ ഇതുവരെ 75 ശതമാനംവരെ ശേഖരിക്കുന്ന നിലയിലേ എത്തിയിട്ടുള്ളൂ. ചെങ്ങന്നൂർ നഗരസഭയും ഒമ്പത് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ചെങ്ങന്നൂർ മണ്ഡലം.
നഗരസഭയിൽനിന്ന് പ്രതിമാസം രണ്ട് ടൺ വീതം പ്ലാസ്റ്റിക് കയറ്റിവിടുന്നു. 27 വാർഡുകളുള്ള നഗരസഭ പ്രദേശത്ത് 2019 ഒക്ടോബർ 31നാണ് ഹരിതകർമ സേന പ്രവർത്തനമാരംഭിച്ചത്.
ജൈവമാലിന്യ സംസ്കരണത്തിന് ബയോ-ബിന്നുകളാണ് വിതരണം ചെയ്തത്. നേരത്തേ 50 ശതമാനം ആളുകൾ മാത്രമായിരുന്നു സഹകരിച്ചിരുന്നത്. ക്യൂആർ കോഡ് പതിപ്പിച്ച് സ്കാനിങ് ആരംഭിച്ചതോടെ 75 ശതമാനം ആളുകളും പ്ലാസ്റ്റിക് മാലിന്യശേഖരണത്തോട് സഹകരിക്കുന്നു. മൾട്ടി ലെയർ പ്ലാസ്റ്റിക്കും (എം.എൽ.പി) അയക്കുന്നു. കഴിഞ്ഞദിവസം അഞ്ച് ടൺ ഉണ്ടായിരുന്നു.
ഇതുവരെ 60 ടൺ നഗരസഭ നൽകി. മാലിന്യം ശേഖരിക്കുന്നവർക്ക് 8500 മുതൽ 9000 രൂപവരെ മാസംതോറും വരുമാനം ലഭിക്കുന്നുണ്ട്.
മാന്നാർ ഗ്രാമപഞ്ചായത്തിലെ 8421 വീടുകളിൽ 8021 എണ്ണത്തിൽനിന്നും 883 കടകളിൽ എല്ലായിടത്തും 165 സ്ഥാപനങ്ങളിൽ 91 എണ്ണത്തിൽനിന്നും മാലിന്യ ശേഖരണം നടത്തുന്നുണ്ട്. ഇതുവരെ 84,383.400 കിലോഗ്രാം പ്ലാസ്റ്റിക്കും 47977.056 കിലോഗ്രാം സെഗ്രിഗേറ്റഡ് പ്ലാസ്റ്റിക്കും 14973-200 കിലോഗ്രാം എം.എൽ.പിയും കൈമാറിയിട്ടുണ്ട്. ഏഴ് ടൺ 400 കിലോഗ്രം കുപ്പിച്ചില്ലും 500 കിലോഗ്രാം ഇ-വേസ്റ്റും 2477.95 കിലോഗ്രാം പാഴ്ത്തുണികളും ശേഖരിച്ചുകൈമാറി.
പ്ലാസ്റ്റിക് കത്തിച്ചതിന് 1,20,000 രൂപ പിഴയിട്ടതിൽ 55,000 രൂപ ഈടാക്കി. മാലിന്യം വലിച്ചെറിഞ്ഞതിനു അരലക്ഷം രൂപ പിഴയിട്ടതിൽ 25,000 ഈടാക്കി. തിരുവൻവണ്ടൂരിൽ എല്ലാ വീട്ടിലും ബയോ-ബിന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. കുപ്പി, ചെരിപ്പ്, പാഴ്ത്തുണി ശേഖരണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
പ്ലാസ്റ്റിക് ശേഖരണം 71 ശതമാനത്തിലെത്തി. ബുധനൂർ ഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകൾക്കും ബയോ-ബിന്നുകൾ നൽകി. 22,64,9.809 കിലോഗ്രാം പ്ലാസ്റ്റിക്കും 2847.15 കിലോഗ്രാം എം.എൽ.പിയും കൈമാറി. ചെന്നിത്തല- തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ 100 ശതമാനമെന്ന ലക്ഷ്യം കൈവരിച്ചു. മറ്റു വാർഡുകളിൽ 91 ശതമാനത്തിലെത്തി.
കുപ്പിച്ചില്ല്, ഇ-വേസ്റ്റ്, പഴയ തുണികൾ, ചെരുപ്പുകൾ തുടങ്ങിയവയുടെ ശേഖരണവും നടക്കുന്നു. പാണ്ടനാട് പഞ്ചായത്തിൽ മാലിന്യ ശേഖരണം 87 ശതമാനത്തിലെത്തി. ട്രോളി ലഭിച്ചുകഴിഞ്ഞാൽ ഉടൻ കുപ്പിച്ചില്ലിന്റെ ശേഖരണമാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.