അപൂർവ വനമൊരുക്കി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്
text_fieldsചെങ്ങന്നൂർ: അപൂർവ മരങ്ങളുടെ വിളനിലമായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്. ആലപ്പുഴ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ കോളജിൽ സ്ഥാപിക്കപ്പെട്ട മിയാവാക്കി മാതൃകയിലുള്ള വിദ്യാവനത്തിൽ 128 ഇനങ്ങളിൽപെട്ട 347 വൃക്ഷത്തൈകൾ ആരോഗ്യത്തോടെ വളരുന്നു. ജൈവവൈവിധ്യ ക്ലബിന്റെ മേൽനോട്ടത്തിൽ കോളജ് വളപ്പിലെ സംരക്ഷിത പ്രദേശമായ ശാന്തിസ്ഥലിൽ പാച്ചോറ്റി, കമ്പകം, സമുദ്രക്കായ്, കുടകപ്പാല, കടമ്പ്, കായാമ്പൂ, നീർമാതളം, അകിൽ എന്നീ വൃക്ഷങ്ങളും പൂമരങ്ങളും, നക്ഷത്രവനവും ഒക്കെ തണൽ വിരിക്കുന്നു. വിവിധ ഇനം മുളകൾ, ഫലവൃക്ഷങ്ങൾ സോമലത, സമുദ്രപ്പച്ച, കരളകം, കസ്തൂരി വെണ്ട, അരൂത എന്നിങ്ങനെ നൂറോളം ഔഷധസസ്യങ്ങളുടെ ഉദ്യാനവും കാമ്പസിനുള്ളിലുണ്ട്.
പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച സംഭാവനകൾ നൽകിവരുന്നതിനുള്ള അംഗീകാരമായി സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2023-24 വർഷത്തെ വനമിത്ര അവാർഡ് കോളജിന് ലഭിച്ചു. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്കിടെ ലഭിച്ച പുരസ്കാരം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. റൂബിമാത്യു, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ.ആർ. അഭിലാഷ്, ജൈവവൈവിധ്യ ക്ലബ് കൺവീനർ പ്രഫ. ബിജി എബ്രഹാം എന്നിവർ മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ നാട്ടുപക്ഷികളുടെ കണക്കെടുപ്പ്, ആയിരംതെങ്ങ്, അന്ധകാരനഴി പ്രദേശങ്ങളിൽ നടത്തിയ കണ്ടൽ പഠന-സംരക്ഷണ പ്രവർത്തനങ്ങൾ, ഭിന്നശേഷി വിദ്യാർഥികളെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കൈപിടിച്ച് നടത്തിയ അമൃതം ഹരിതം പദ്ധതി, പച്ചക്കിളിക്കൂട്ടം എന്നപേരിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പുകൾ, ഊത്തപിടിത്തം, കാട്ടുതീ, പ്ലാസ്റ്റിക് ദുരുപയോഗം എന്നിവ സംബന്ധിച്ച് തയാറാക്കിയ അവബോധ പോസ്റ്ററുകൾ, കോളജിലെ ഫിസിക്സ്, സുവോളജി വകുപ്പുകൾ പരിസ്ഥിതി രംഗത്ത് നൽകിയ ഗവേഷണ സംഭാവനകൾ എന്നിവയെല്ലാം അവാർഡിന് പരിഗണിച്ചവയിൽ ഉൾപ്പെടുന്നു. വനംവകുപ്പ്, ജൈവവൈവിധ്യ ബോർഡ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, ഡബ്ല്യു.ഡബ്ല്യു.എഫ്, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ കോളജിന് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.