ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസ് കെട്ടിക്കിടക്കുന്നത് 8000 ഫയൽ; ജനത്തിന് ദുരിതം
text_fieldsചെങ്ങന്നൂർ: ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ തീർപ്പുകാത്ത് കിടക്കുന്നത് 8,000 ഫയൽ. ഇവയിൽ മിക്കവയും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടവ. 2020 പകുതിയോടെയാണ് ആർ.ഡി ഓഫിസിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. 2021 ജനുവരിവരെ 740 ഫയലുകളാണ് ഉണ്ടായിരുന്നത്. കൃഷി, വില്ലേജ് ഓഫിസുകളിൽനിന്ന് അനുമതി കിട്ടി ആർ.ഡി ഓഫിസിൽ ഒരു ഒപ്പിനായി കിടക്കുന്നവയാണ് ഭൂരിഭാഗവും. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളാണ് ചെങ്ങന്നൂർ ആർ.ഡി.ഒയുടെ പരിധിയിൽ വരുന്നത്. ഭൂമി തരംമാറ്റത്തിന് പുറമേ കോവിഡിന്റെ ആഘാതത്തിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട ശേഷം നാട്ടിൽ പുതുസംരംഭങ്ങളും മറ്റും തുടങ്ങാനാഗ്രഹിച്ചവരുടെ ഫയലുകളും കെട്ടിക്കിടക്കുന്നവയിലുണ്ട്.
നിലം പുരയിടമാക്കി മാറ്റുന്നതിനുള്ള രണ്ടു വർഷം പഴക്കമുള്ള ഫയലുകൾ വരെ കെട്ടിക്കിടക്കുന്നവയിലുണ്ട്. ഇവയിൽ ചിലത് അദാലത്തിൽ തീർപ്പാക്കി. എന്നാൽ, മൂന്ന് മാസത്തിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. അപേക്ഷകൾ നീങ്ങാത്തതു മൂലം സർക്കാറിലേക്കുള്ള വരുമാനവും കിട്ടാതെയായി. ശരാശരി 50 കോടി രൂപയിലേറെ നഷ്ടമാണ് കണക്കാക്കുന്നത്. ഡാറ്റ ബാങ്കിൽ ഇല്ലാത്തതും എന്നാൽ, ബേസിക് ടാക്സ് രജിസ്റ്ററിൽ (ബി.ടി.ആർ) നിലമായി കിടക്കുന്നതുമായ സ്ഥലം നിശ്ചിത ഫീസ് അടച്ച് പുരയിടമായി മാറ്റുന്നതിനാണ് സർക്കാർ ഉത്തരവുള്ളത്. വസ്തുവിന്റെ ന്യായവിലയുടെ 25 ശതമാനം സർക്കാറിലേക്ക് അടക്കണം. കഴിഞ്ഞ ആഗസ്റ്റിൽ കലക്ടറുടെ ഇടപെടലിലാണ് അധിക ജീവനക്കാരെ നിയമിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഭൂരിഭാഗവും തീർപ്പാക്കിയത്. പുതിയ ഫയലുകൾ പരിഗണിക്കുന്നതിന് മുമ്പ് കെട്ടിക്കിടക്കുന്നവയിൽ തീരുമാനമെടുക്കാനുള്ള കർശന നിർദേശവും കലക്ടർ നൽകിയിരുന്നു.
ജീവനക്കാരുടെ കുറവാണ് മുഖ്യ പ്രശ്നം. കഴിഞ്ഞ ഡിസംബറിൽ 7,000 ഓളം ഫയലുകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു. ആർ.ഡി ഓഫിസിൽ അപേക്ഷിക്കുമ്പോൾതന്നെ ലൈസൻസ്ഡ് സർവേയർ തയാറാക്കിയ പ്ലാൻ സമർപ്പിക്കും. വില്ലേജ് ഓഫിസറും തഹസിൽദാരും ചിലപ്പോൾ ആർ.ഡി.ഒ തന്നെയും ഇത് പരിശോധിച്ച ശേഷമാണ് ഭൂമി തരം മാറ്റുന്നതിന് ഉത്തരവു നൽകുന്നതും ആവശ്യമായ പണം കക്ഷികളെക്കൊണ്ട് അടപ്പിക്കുന്നതും.
പണമടച്ച് ഉത്തരവ് ലഭിച്ചാൽ തന്നെ തണ്ടപ്പേരിലും ബി.ടി.ആറിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി കരം അടച്ച രസീത് കിട്ടുന്നതിന് കടമ്പകൾ പിന്നെയുമുണ്ട്. താലൂക്ക് സർവേയർ ഈ സ്ഥലം പരിശോധിച്ച് സർവേ പ്ലാൻ വീണ്ടും തയാറാക്കി അംഗീകാരം ലഭിച്ചെങ്കിൽ മാത്രമേ നടപടിക്രമം പൂർത്തിയാകൂ. ഇതിനു മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും. അതിനിടെയാണ് ഫയലുകൾ കെട്ടിക്കിടക്കുന്നത് മൂലമുള്ള വൈകൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.