ബംഗ്ലാദേശ് വിമോചന യുദ്ധം; സ്മരണകളിൽ ചെങ്ങന്നൂരിന്റെ വീരപുത്രൻ
text_fieldsചെങ്ങന്നൂർ: ബംഗ്ലാദേശ് വിമോചന യുദ്ധസ്മരണകളിൽ ചെങ്ങന്നൂരിന്റെ വീര പുത്രനും. 1971 ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ മുൻനിര സൈനികരോടൊപ്പം നിന്ന് രക്ഷാകവചം തീർത്ത ചെങ്ങന്നൂര്‍ തിട്ടമേല്‍ മലയമ്പള്ളില് റിട്ട. സുബേദാർ മേജർ ചെറിയാൻ ഏബ്രഹാം എന്ന പുളിക്കിയിൽ ജോയി (81) റിപ്പബ്ലിക് ദിനത്തിൽ പഴയ യുദ്ധകാല ഓർമകളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.
13 ദിവസം മാത്രം നീണ്ട യുദ്ധം അവസാനിക്കുമ്പോൾ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന പ്രദേശം ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രമായി മാറി. രജ്പുത് റെജിമെന്റിലെ 100 കണക്കിന് ഭടന്മാരെ മരണമുനമ്പില്‍നിന്ന് രക്ഷിച്ച ധീര സൈനികനാണ് ചെറിയാൻ എബ്രഹാം. ഇന്ത്യാ-ചൈന (1962), ഇന്ത്യ-പാകിസ്ഥാൻ (1965) യുദ്ധങ്ങളിൽ നിർണായക പങ്കാളിയായി. ഈ ധീരയോദ്ധാവിന്റെ വീരചരിതം ബന്ധുക്കള്‍ക്കും നാട്ടുകാർക്കും കാര്യമായി അറിയില്ലായിരുന്നു.
1971-ലെ ഇന്‍ഡോ -പാക് യുദ്ധത്തെകുറിച്ച് പഞ്ചാബ് സ്വദേശിയായ റിട്ട. കേണല്‍ നിതിന്‍ ചന്ദ്ര തയാറാക്കി, അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലൂടെയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ചെറിയാന് എബ്രഹാമിന്റെ വീരകഥകൾ പുറംലോകം അറിഞ്ഞത്. 1971 ഡിസംബര്‍ ഒമ്പതിന് ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ ബംഗ്ലാദേശ്) കുഷ്തിയ എന്ന ചെറു പട്ടണം കീഴടക്കുക എന്നതായിരുന്നു ഈ സൈനിക സംഘത്തിന്റെ ലക്ഷ്യം.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടലിലും ആകാശനിരീക്ഷണത്തിലും പാക് സൈന്യത്തിന്റെ സാന്നിധ്യം തീരെയില്ലെന്നാണ് കരുതിയത്. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ടാങ്കിന്റെ കമാൻഡര്‍മാരിൽ ചെറിയാൻ എബ്രഹാമിനെ കൂടാതെ യഥാക്രമം ശങ്കരന്, വാസു മലപ്പുറം, ജോര്‍ജ്തോമസ്, സാം ചന്ദവര്‍ക്കര്‍ എന്നിവരുമുണ്ടായിരുന്നു. ആദ്യത്തെ മൂന്ന് ടാങ്കുകള്‍ ചതുപ്പ് നിലം കടന്നു പോകവേ അപ്രതീക്ഷിത ആക്രമണത്തില്‍ തകർന്നു. ടാങ്കുകളിലെ കമാൻഡര്‍മാരടക്കം 40ലധികം പേർ കൊല്ലപ്പെട്ടു.
നാലാമത്തെ ടാങ്ക് ചതുപ്പ് പ്രദേശത്ത് കുടുങ്ങി മുന്നോട്ടു പോകാനാകാത്ത അവസ്ഥയിലായി. എന്നാല്‍ ചെറിയാന് എബ്രഹാം കമാൻഡ് ചെയ്ത അഞ്ചാമത്തെ ടാങ്ക് പാകിസ്താന് സൈന്യത്തെ വീരോചിതമായി നേരിട്ടു. നിനച്ചിരിക്കാതെ നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്താന് സൈന്യത്തെ പിന്നിലേക്ക് തുരത്തപ്പെട്ടു. കുഷ്തിയില്‍ പാക് സൈനിക സാന്നിധ്യം ഇല്ലെന്നുള്ള കാര്യം ലാഘവത്തോടെ ഉള്‍ക്കൊള്ളാന്‍ ചെറിയാന് എബ്രഹാമിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ യുദ്ധ മുന്നണിയിലേക്ക് പോകുന്നതിനു മുമ്പ് ടാങ്കിലെ ഫുഡ് ബോക്സ് മാറ്റി കൂടുതല്‍ ടാങ്ക് ഷെല്ലുകള്‍ കരുതിയിരുന്നു.
യന്ത്രത്തോക്ക് തിരകള്‍ പതിവിലും മൂന്ന് ഇരട്ടി എടുത്തു. ഇത് ഏറ്റവും നിര്‍ണായക നിമിഷത്തില്‍ തുണച്ചു. പലപ്രാവശ്യം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കരസേന മേധാവി സാം മനേക് ഷായും ചെറിയാനോട് വയര്‍ലെസിലൂടെ സംസാരിച്ചത് കൂടുതല്‍ ഉത്തേജനമേകി.
കരസേനയിലെ മുപ്പതു വര്‍ഷത്തെ വിശിഷ്ട സേവനത്തിനുശേഷം 1988 ലാണ് ചെറിയാന് സുബേദാര്‍ മേജര്‍ ഹോണററി ക്യാപ്റ്റനായി വിരമിച്ചത്. ബാല്യം മുതലേ ചെറിയാന്റെ സ്വപ്നമായിരുന്നു സൈന്യത്തിൽ ചേരുകയെന്നത്. 1958ൽ 18-ാം വയസ്സില്‍ എറണാകുളത്ത് നടന്ന ആര്‍മി റിക്രൂട്മെന്റ് റാലിയില്‍ ആണ് സൈന്യത്തിന്റെ ഭാഗമായത്.
സേനയില്‍ സേവനം ചെയ്യവേ കമ്യൂണിക്കേഷനില്‍ ഡിപ്ലോമ ഉന്നത നിലയില്‍ പാസായി. ഭാര്യ: ചെങ്ങന്നൂര്‍ ഇടവനത്തുകാവില് അന്നമ്മ ചെറിയാന് (കുഞ്ഞുമോള്‍). മക്കള്‍: ജോമോൾ (യു.എസ്), ആലീസ് (ജൂലി-കുവൈത്ത്), ഏഞ്ചല്‍ (അഞ്ജു-ഓസ്ട്രിയ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.