വാഗ്ദാനം നിരവധി; പാളം തൊടാതെ ചെറിയനാട് റെയിൽവേ വികസനം
text_fieldsചെങ്ങന്നൂർ: പ്രഖ്യാപിച്ച റെയിൽ വികസന പദ്ധതികൾ എന്നെത്തുമെന്ന് കാത്തിരിക്കുകയാണ് ചെറിയനാട്. റെയിൽവേ ബജറ്റുകളിൽ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും 'ട്രാക്ക് പിടിച്ചില്ല'. റെയിൽവേക്ക് ഇവിടെ സ്വന്തമായി 36 ഏക്കർ ഭൂമിയുള്ളപ്പോഴാണിത്.
ചെറിയനാട്ട് 36 ഏക്കർ റെയിൽവേ ഭൂമിയിൽ ശീതീകരിച്ച പഴം, പച്ചക്കറി ഗോഡൗൺ സ്ഥാപിക്കാൻ 2015ൽ റെയിൽവേ ബജറ്റിൽ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. സെൻട്രൽ വെയർഹൗസിങ് കോർപറേഷനുകീഴിൽ ഗോഡൗൺ സ്ഥാപിക്കാനായിരുന്നു പദ്ധതി. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലികൾ അതിവേഗം നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ യോഗങ്ങളും ചേർന്നു. ഇതിന് മുമ്പ് റെയിൽനീർ കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കാൻ സ്ഥലം ഉപയോഗപ്പെടുത്താനും റെയിൽവേ ആശുപത്രിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ട് തുടങ്ങാൻ ആലോചിച്ചതും യാഥാർഥ്യമായില്ല.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽമാർഗം അഞ്ചുകിലോമീറ്റർ മാത്രം അകലെയാണ് ചെറിയനാട് സ്റ്റേഷൻ. അച്ചൻകോവിലാറിെൻറ സാമിപ്യമുള്ളതിനാൽ ട്രെയിനുകളിൽ ജലം നിറക്കാൻ കഴിയുന്ന ഫില്ലിങ് സ്റ്റേഷനായി മാറ്റാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകിയതാണ്. ശബരിമലയുടെ കവാടമായി റെയിൽവേ പ്രഖ്യാപിച്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തായതിനാൽ തീർഥാടക വിശ്രമകേന്ദ്രം നിർമിക്കാനും സ്ഥലം ഉപയോഗിക്കാൻ കഴിയും.
നിലവിൽ ഫ്ലാഗ് സ്റ്റേഷനായ ഇവിടം ക്രോസിങ് സ്റ്റേഷനാക്കി ഉയർത്തിയാൽ കൂടുതൽ പാളങ്ങൾ നിർമിക്കുകയും ട്രെയിനുകളുടെ ഹാൾട്ടിങ് സ്റ്റേഷനാക്കുകയും (ബ്ലോക്ക് സ്റ്റേഷൻ) ചെയ്യാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ചെറിയനാടിനുപുറമെ തഴക്കര, വെൺമണി, പുലിയൂർ, ബുധനൂർ പഞ്ചായത്തുകൾക്കും പ്രയോജനപ്പെടുന്നതാണ് ഈ സ്റ്റേഷൻ.
വേണാട് എക്സ്പ്രസിൽ കയറാൻ പന്തളം ഭാഗത്തുള്ളവർപോലും ചെറിയനാട്ടെത്തുന്നുണ്ട്. പന്തളം- മാവേലിക്കര റൂട്ടിൽനിന്ന് കൊച്ചാലുംമൂട് വഴി തിരിഞ്ഞു ചെറിയനാട്ടെത്താം എന്നതാണ് ഇവർക്ക് സൗകര്യം. ചെങ്ങന്നൂരിെൻറ സൗത്ത് സ്റ്റേഷനായി മാറ്റുക, റിസർവേഷൻ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.