തിരുവൻവണ്ടൂരിൽ ഭൂചലനം; 40ൽപരം വീടുകൾക്ക് വിള്ളൽ
text_fieldsചെങ്ങന്നൂർ: നാട്ടുകാരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് തിരുവൻവണ്ടൂരിൽ ഭൂചലനം. ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് ആങ്ങായിൽ ഭാഗത്താണ് വ്യാഴാഴ്ച പകൽ 12 മണിയോടെ ഭൂകമ്പം അനുഭവപ്പെട്ടത്. ഉഗ്രശബ്ദം കേട്ട് വീട്ടിനകത്തുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. പ്രദേശത്തെ 40ൽ പരം വീടുകളുടെ ചുവരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. നാലാം വാർഡിലെ 20ലേറെ വീടുകൾക്കും അഞ്ച്, 12 വാർഡുകളിലെ 20 ഓളംവീടുകൾക്കുമാണ് കേടുപടുകൾ സംഭവിച്ചത്.
ഇലവുംപറമ്പിൽ അനിയൻ ഏബ്രഹാം, ഇ.എ ബാബു, ഇ.ടി.തങ്കച്ചൻ, കുഞ്ഞുമോൻ, ലിജി തോമസ്, രാജു, കുര്യാക്കോസ്, മാത്യു, ഏലിയാമ്മ, ജോയി യോഹന്നാൻ, ആങ്ങായിൽ കിഴക്കേതിൽ, സുനിൽ വർഗ്ഗീസ്, കെ.ഐ ഏബ്രഹാം, ജനാർദ്ദനൻ കൊല്ലംപറമ്പിൽ, മാത്യു പ്ലാംതറയിൽ, ജോയി മാത്യു നെടുംതറയിൽ എന്നിവരുടെ വീടുകൾക്കാണ് വിള്ളൽ ഉണ്ടായത്.
അതേസമയം ഭൂമിയുടെ ഉപരിതലത്തിൽ ഭൂജലം ഒഴുകുന്ന സമയത്ത് ഭൂമി അതിനെ ബാലൻസ് ചെയ്യുമ്പോഴുണ്ടാകുന്ന മർദം പുറത്തേക്കു പോകുന്ന പ്രതിഭാസമാണിതെന്നും മഴക്കാലം കഴിയുന്നതോടെ ഒരു പ്രത്യേക സ്ഥലങ്ങളിൽ മാത്രം ഇത് ഉണ്ടാകുന്നതാണെന്നും മൈനിംഗ് ആൻറ് ജിയോളജി ഡിപ്പാർട്ട്മെൻറ് അസി. ജിയോളജിസ്റ്റ് ഡോ. ബദറുദ്ദീൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറ് ഹൈഡ്രോളജിസ്റ്റ് അനുരൂപ് എന്നിവർ സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. ഇനിയും സമാനമായ രീതിയിലുള്ള സംഭവത്തിന് സാധ്യത തള്ളി കളയാവുന്നതല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി.
കൊടിക്കുന്നിൽ സുരേഷ് എം.പി, സജി ചെറിയാൻ എം.എൽ.എ, ആർ.ഡി.ഒ ജി. ഉഷാകുമാരി, തഹസിൽദാർ എസ്. മോഹനൻ പിള്ള, വില്ലേജ് ഓഫിസർ സിന്ധു, റേഞ്ച് ഐജി. കാളിരാജ്, സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി ബിജു, ഫയർ ഓഫിസർ ശംഭു നമ്പൂതിരി വാർഡ് അംഗങ്ങൾ ഹരികുമാർ, രശ്മി സുഭാഷ്, ഗീതാ സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.